വിശ്വാമിത്രന്റെ യാഗരക്ഷ- അക്കാലം വിശ്വാമിത്രനാകിയ മുനികുല-
- മുഖ്യനുമയോദ്ധ്യയ്ക്കാമ്മാറെഴുന്നളളീടിനാൻ, 800
- രാമനായവനിയിൽ മായയാ ജനിച്ചൊരു
- കോമളമായ രൂപംപൂണ്ടൊരു പരാത്മാനം
- സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊൾവാൻ
- ചിത്തത്തിൽ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.
- കൌശികൻതന്നെക്കണ്ടു ഭൂപതി ദശരഥ-
- നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവുംചെയ്തു
- വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
- വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
- സസ്മിതം മുനിവരൻതന്നോടു ചൊല്ലീടിനാൻഃ
- "അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്. 810
- നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ-
- ർത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!
- ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം
- മംഗലമായ്വന്നാശു സമ്പത്തും താനേ വരും.
- എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപ്പോൾ
- നിന്തിരുവടിയരുൾചെയ്യേണം ദയാനിധേ!
- എന്നാലാകുന്നതെല്ലാം ചെയ്വേൻ ഞാൻ മടിയാതെ
- ചൊന്നാലും പരമാർത്ഥം താപസകുലപതേ!"
- വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ
- വിശ്വാസത്തോടു ദശരഥനോടതുനേരംഃ 820
- "ഞാനമാവാസ്യതോറും പിതൃദേവാദികളെ
- ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോർ
- മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
- ന്മാരിരുവരുമനുചരന്മാരായുളേളാരും.
- അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
- യവനീപതേ! രാമദേവനെയയയ്ക്കേണം.
- പുഷ്കരോത്ഭവപുത്രൻതന്നോടു നിരൂപിച്ചു
- ലക്ഷ്മണനേയുംകൂടെ നല്കേണം മടിയാതെ.
- നല്ലതു വന്നീടുക നിനക്കു മഹീപതേ!
- കല്യാണമതേ! കരുണാനിധേ! നരപതേ!" 830
- ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപൻ
- മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാൻഃ
- "എന്തു ചൊൽവതു ഗുരോ! നന്ദനൻതന്നെ മമ
- സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
- എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
- സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
- നിർണ്ണയം മരിക്കും ഞാൻ രാമനെ നല്കീടാഞ്ഞാ-
- ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രൻ.
- എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
- ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം." 840
- "എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
- സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
- മാനുഷനല്ല രാമൻ മാനവശിഖാമണേ!
- മാനമില്ലാത പരമാത്മാവു സദാനന്ദൻ
- പത്മസംഭവൻ മുന്നം പ്രാർത്ഥിക്കമൂലമായി
- പത്മലോചനൻ ഭൂമീഭാരത്തെക്കളവാനായ്
- നിന്നുടെ തനയനായ്ക്കൌസല്യാദേവിതന്നിൽ
- വന്നവതരിച്ചിതു വൈകുണ്ഠൻ നാരായണൻ.
- നിന്നുടെ പൂർവജന്മം ചൊല്ലുവൻ ദശരഥ!
- മുന്നം നീ ബ്രഹ്മാത്മജൻ കശ്യപപ്രജാപതി 850
- നിന്നുടെ പത്നിയാകുമദിതി കൌസല്യ കേ-
- ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
- ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങൾ
- മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
- ഭക്തവത്സലൻ ദേവൻ വരദൻ ഭഗവാനും
- പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊൾ വര'മെന്നാൻ.
- 'പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
- സത്വരമപേക്ഷിച്ചകാരണമിന്നു നാഥൻ
- പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
- പൃത്ഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും. 860
- ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
- ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
- യോഗമായാദേവിയും സീതയായ് മിഥിലയിൽ
- യാഗവേലായാമയോനിജയായുണ്ടായ്വന്നു.
- ആഗതനായാൻ വിശ്വാമിത്രനുമവർതമ്മിൽ
- യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
- എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
- പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
- സന്തുഷ്ടനായ ദശരഥനും കൌശികനെ
- വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂർവം 870
- 'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്ക്കൊണ്ടാലു'മെ-
- ന്നാമോദം പൂണ്ടു നൽകി ഭൂപതിപുത്രന്മാരെ.
- 'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
- ന്നരികേ ചേർത്തു മാറിലണച്ചു ഗാഢം ഗാഢം
- പുണർന്നുപുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ
- 'ഗുണങ്ങൾ വരുവാനായ്പോവിനെന്നുരചെയ്താൻ.
- ജനകജനനിമാർചരണാംബുജം കൂപ്പി
- മുനിനായകൻ ഗുരുപാദവും വന്ദിച്ചുടൻ
- വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ,
- വിശ്വരക്ഷാർത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880
- ചാപതൂണീരബാണഖഡ്ഗപാണികളായ
- ഭൂപതികുമാരന്മാരോടും കൌശികമുനി
- യാത്രയുമയപ്പിച്ചാശീർവാദങ്ങളും ചൊല്ലി
- തീർത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രൻ.
- മന്ദം പോയ് ചില ദേശം കടന്നോരനന്തരം
- മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
- "രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേൾ
- കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങൾ.
- ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
- ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം 890
- ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
- മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
- ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും
- ബലയും പുനരതിബലയും മടിയാതെ.
- ദേവനിർമ്മിതകളീ വിദ്യക"ളെന്നു രാമ-
- ദേവനുമനുജനുമുപദേശിച്ചു മുനി.
- ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ-
- യപ്പോഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ.
- താടകാ വധം
- താടകാവനം പ്രാപിച്ചീടിനോരനന്തരം
- ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രൻഃ 900
- "രാഘവ! സത്യപരാക്രമവാരിധേ! രാമ!
- പോകുമാറില്ലീവഴിയാരുമേയിതുകാലം.
- കാടിതു കണ്ടായോ നീ? കാമരൂപിണിയായ
- താടക ഭയങ്കരി വാണിടും ദേശമല്ലൊ.
- അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
- ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
- കൊല്ലണമവളെ നീ വല്ലജാതിയുമതി-
- നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോൾ
- മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
- നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
- ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
- പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
- അന്നേരമൊരു ശരമയച്ചു രാഘവനും
- ചെന്നു താടകാമാറിൽ കൊണ്ടിതു രാമബാണം.
- പാരതിൽ മല ചിറകറ്റുവീണതുപോലെ
- ഘോരരൂപിണിയായ താടക വീണാളല്ലോ.
- സ്വർണ്ണരത്നാഭരണഭൂഷിതഗാത്രിയായി
- സുന്ദരിയായ യക്ഷിതന്നെയും കാണായ്വന്നു.
- ശാപത്താൽ നക്തഞ്ചരിയായോരു യക്ഷിതാനും
- പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
- കൌശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്ലാ-
- മാശു രാഘവനുപദേശിച്ചു സലക്ഷ്മണം.
- നിർമ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
- രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
- രാത്രിയും പിന്നിട്ടവർ സന്ധ്യാവന്ദനംചെയ്തു
- യാത്രയും തുടങ്ങിനാരാസ്ഥയാ പുലർകാലേ.
- പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
- മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
- രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
- പ്രേമമുൾക്കൊണ്ടു മുനിമാരും സല്ക്കാരംചെയ്താർ. 930
- വിശ്രമിച്ചനന്തരം രാഘവൻതിരുവടി
- വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുൾചെയ്തുഃ
- "താപസോത്തമ, ഭവാൻ ദീക്ഷിക്ക യാഗമിനി
- താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
- ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാൽ
- നഷ്ടമാക്കുവൻ ബാണംകൊണ്ടു ഞാൻ തപോനിധേ!"
- യാഗവും ദീക്ഷിച്ചിതു കൌശികനതുകാല-
- മാഗമിച്ചിതു നക്തഞ്ചരന്മാർ പടയോടും.
- മദ്ധ്യാഹ്നകാലേ മേൽഭാഗത്തിങ്കൽനിന്നുമത്ര
- രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
- പാരാതെ രണ്ടു ശരം തൊടുത്തു രാമദേവൻ
- മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാൻ.
- കോന്നിതു സുബാഹുവാമവനെയൊരു ശര-
- മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ.
- ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
- ഖിന്നനായേറിയൊരു യോജന പാഞ്ഞാനവൻ.
- അർണ്ണവംതന്നിൽ ചെന്നു വീണിതു, രാമബാണ-
- മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
- പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
- നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാൻ. 950
- ഭക്തവത്സലനഭയംകൊടുത്തതുമൂലം
- ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും.
- പറ്റലർകുലകാലനാകിയ സൌമിത്രിയും
- മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാൽ.
- ദേവകൾ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താൽ
- ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
- യക്ഷകിന്നരസിദ്ധചാരണഗന്ധർവൻമാർ
- തൽക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാർ.
- വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണർ-
- ന്നശ്രുപൂർണ്ണാർദ്രാകുലനേത്രപത്മങ്ങളോടും 960
- ഉത്സംഗേ ചേർത്തു പരമാശീർവാദവുംചെയ്തു
- വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താൽ.
- ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങൾ
- പറഞ്ഞു രസിപ്പിച്ചു കൌശികനവരുമായ്.
- അരുൾചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
- "അരുതു വൃഥാ കാലം കളകെന്നുളളതേതും.
- ജനകമഹീപതിതന്നുടെ മഹായജ്ഞ-
- മിനി വൈകാതെ കാണ്മാൻ പോക നാം വത്സന്മാരേ!
- ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
- വില്ലുണ്ടു വിടേഹരാജ്യത്തിങ്കലിരിക്കുന്നു. 970
- ശ്രീമഹാദേവൻതന്നെ വച്ചിരിക്കുന്നു പുരാ
- ഭൂമിപാലേന്ദ്രന്മാരാലർച്ചിതമനുദിനം.
- ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാൻ
- കാണണം മഹാസത്വമാകിയ ധനൂരത്നം."
- താപസേന്ദ്രന്മാരോടുമീവണ്ണമരുൾചെയ്തു
- ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രൻ
- പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര
- ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
- ദിവ്യപാദപലതാകുസുമഫലങ്ങളാൽ
- സർവമോഹനകരം ജന്തുസഞ്ചയഹീനം
- കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
- പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുൾചെയ്തുഃ
- "ആശ്രമപദമിദമാർക്കുളള മനോഹര-
- മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
- എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
- തത്ത്വമെന്തെന്നതരുൾചെയ്യേണം താപോനിധേ!"
Friday, July 19, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment