Friday, July 19, 2013



 അഹല്യാസ്തുതി
"ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ!
മർത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110
ആനന്ദമയനായോരതിമായികൻ പൂർണ്ണൻ
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി
സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വൽപാദസ്പർശമിപ്പോൾ.
പണ്ടു ഞാൻ ചെയ്ത പുണ്യമെന്തു വർണ്ണിപ്പതു വൈ-
കുണ്‌ഠ! തൽകുണ്‌ഠാത്മനാം ദുർല്ലഭമുർത്തേ! വിഷ്ണോ!
മർത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം 1120
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുർദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ,
ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
ഭാരതീരമണനും ഭാരതീദേവിതാനും 1130
ബ്രഹ്‌മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
കൽമഷഹരം രാമചരിതം രസായനം
കാമരാഗാദികൾ തീർന്നാനന്ദം വരുവാനായ്‌
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേൻ.
ആദ്യനദ്വയനേകനവ്യക്തനനാകുലൻ
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ
പരമൻ പരാപരൻ പരമാത്മാവു പരൻ
പരബ്രഹ്‌മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
പൂരുഷൻ പുരാതനൻ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂർത്തി 1140
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ.
സ്വതന്ത്രൻ പരിപൂർണ്ണനാനന്ദനാത്മാരാമ-
തനന്ദ്രൻ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികൾ ചെയ്‌വാ-
നഖണ്ഡൻ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങൾ പൂണ്ടു
ഭേദരൂപങ്ങൾ കൈക്കൊണ്ടൊരു നിർഗ്ഗുണമൂർത്തി
വേദാന്തവേദ്യൻ മമ ചേതസി വസിക്കേണം. 1150
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാർച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാർത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിൻ കരങ്ങളാൽ ക്ഷാളിതം പത്മോപമം
നിർമ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കൽമഷവിനാശനം
നിർമ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
സർവഭൂതങ്ങളിലുമസക്തനല്ലോ ഭവാൻ
നിർവികാരാത്മാ സാക്ഷിഭൂതനായതും ഭവാൻ.
അജനവ്യയൻ ഭവാനജിതൻ നിരഞ്ജനൻ
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയൻ
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകർത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാർക്കുപോലുമറിയാനരുതല്ലോ. 1170
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങൾ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
സത്വങ്ങളുളളിൽ വാഴും ജീവാത്മാവായ നാഥൻ 1180
ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ
തത്ത്വാധാരാത്മാ ദേവൻ സകലജഗന്മയൻ
തത്ത്വജ്ഞൻ നിരുപമൻ നിഷ്‌കളൻ നിരഞ്ജനൻ
നിർഗ്ഗുണൻ നിശ്ചഞ്ചലൻ നിർമ്മലൻ നിരാധാരൻ
നിഷ്‌ക്രിയൻ നിഷ്‌കാരണൻ നിരഹങ്കാരൻ നിത്യൻ
സത്യജ്ഞാനാനന്താനന്ദാമൃതാത്മകൻ പരൻ
സത്താമാത്രാത്മാ പരമാത്മാ സർവ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരൻ മഹേശ്വര-
നച്യുതനാദിനാഥൻ സർവദേവതാമയൻ 1190
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊൻത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നർത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകർമ്മാർപ്പണം ഭവതി കരോമി ഞാൻ
സമസ്തമപരാധം ക്ഷമസ്വ ജഗൽപതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ."

പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാൽ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌.
ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീർത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാൻ
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടൻ 1220
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൌഖ്യം പുരുഷന്മാർക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടിൽ സാധിക്കും സകലവും.
പുത്രാർത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മർത്ഥാർത്ഥി ജപിച്ചീടിലർത്ഥവുമേറ്റമുണ്ടാം.
ഗുരുതൽപഗൻ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.

No comments:

Post a Comment