Sunday, July 21, 2013


 

രാമസീതാതത്ത്വം

‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
കോമളഗാത്രിയാം ജാനകിമൂലവും
തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ
ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണൻ
ലക്ഷ്മണനായതനന്തൻ ജനകജാ
ലക്ഷ്മീഭഗവതി ലോകമായാ പരാ
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിയ്ക്കുന്നിതാത്മാപരൻ
രാജസമായഗുണത്തോടുകൂടവേ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ്
ഭക്തപാരായണൻ വിഷ്ണുരൂപം പൂണ്ടു
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര-
നാദ്യനജൻ പരമാത്മാവു സാദരം
രുദ്രവേഷത്താൽ തമോഗുണയുക്തനാ-
യദ്രിജാവല്ലഭൻ സംഹരിക്കുന്നതും
വൈവസ്വത മനു ഭക്തിപ്രസന്നനായ്
ദേവൻ മകരാവതാരമനുഷ്ഠിച്ചു
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവൻ
പാഥോനിഥിമധനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതു നേരം
നിഷ്ഠുരമായോരു കൂർമ്മാകൃതിയും പൂണ്ടു
പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു
കാരണവാരിധി തന്നിൽ മേളിച്ചതും
കാരണപൂരുഷനാകുമീ രാഘവൻ
നിർഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്ലാദനെപ്പരിപാലിച്ചുകൊള്ളുവാൻ
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായോരു ഹിരണ്യകശിപു തൻ
വക്ഷപ്രദേശം പ്രപാടനം ചെയ്തതും
രക്ഷാചതുരനാം ലക്ഷ്മീവരനിവൻ
പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ-
ണ്ടർത്ഥിച്ചു സാദരമർച്ചിക്ക കാരണം
എത്രയും കാരുണ്യമോടവൾ തന്നുടെ
പുത്രനായിന്ദ്രാനുജനായ് പിറന്നതി-
ഭക്തനായോരു മഹാബലിയോടു ചെ-
ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം
സത്വരം വാങ്ങി മരുത്വാന്നു നൽകിയ
ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ
ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു
ധാത്രീപതികുലനാശം വരുത്തുവാൻ
ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവൻ
ധാത്രിയിലിപ്പോൾ ദശരഥപുത്രനായ്
ധാത്രീസുതാവരനായ് പിറന്നീടിനാൻ
രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു
ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ
ആദ്യനജൻ പരമാത്മാ പരാപരൻ
വേദ്യനല്ലാത്ത വേദാന്ത വേദ്യൻ പരൻ
നാരായണൻ പുരുഷോത്തമനവ്യയൻ
കാരണമാനുഷൻ രാമൻ മനോഹരൻ
രാവണനിഗ്രഹാർത്ഥം വിപിനത്തിനു
ദേവഹിതാർത്ഥം ഗമിക്കുന്നതിന്നതിൻ
കാരണം മന്ഥരയല്ല, കൈകേയിയ-
ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ
വിഷ്ണു ഭഗവാൻ ജഗന്മയൻ മാധവൻ
വിഷ്ണു മഹാമായാദേവി ജനകജാ
സൃഷ്ടിസ്തിതിലയകാരിണിതന്നോടും
പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ
ഇന്നലെ നാരദൻ വന്നുചൊന്നാനവൻ
തന്നോടു രാഘവൻ താനുമരുൾ ചെയ്തു:
‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ
വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’
എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ-
നിന്നു വിഷാദം കളവിനെല്ലാവരും
രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
രാമരാമേതി ജപിപ്പിനെല്ലാരുമേ
സിദ്ധിക്കയില്ലതേയല്ല കൈവല്യവും
സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം
ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത
നിഷ്ക്കളൻ നിർഗുണനാത്മാ രഘൂത്തമൻ
ന്യൂനാതിരേകവിഹീനൻ നിരഞ്ജന-
നാനന്ദപൂർണ്ണനനന്തനനാകുലൻ
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി-
നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു?
ഭക്തജനാനാം ഭജനാർത്ഥമായ് വന്നു
ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ
പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു
പംക്തികണ്ഠൻ തന്നെക്കൊന്നു ജഗത്രയം
പാലിപ്പതിന്നായവതരിച്ചീടിനാൻ
ബാലിശന്മാരേ! മനുഷ്യനായീശ്വരൻ’
രാമവിഷയമീവണ്ണമരുൾ ചെയ്തു
വാമദേവൻ വിരമിച്ചോരനന്തരം
വാമദേവവചനാമൃതം സേവിച്ചു
രാമനെ നാരായണനെന്നറിഞ്ഞുടൻ
പൌരജനം പരമാനന്ദമായൊരു
വാരാന്നിധിയിൽ മുഴുകിനാരേവരും
‘രാമസീതാരഹസ്യം മുഹുരീദൃശ-
മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം
രാമദേവങ്കലുറച്ചൊരു ഭക്തിയു-
മാമയനാശവും സിദ്ധിയ്ക്കുമേവനും
ഗോപനീയം രഹസ്യം പരമീദൃശം
പാപവിനാശനം ചൊന്നതിൻ കാരണം
രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ
രാമതത്വം പരമോപദേശം ചെയ്തു’
താപവും തീർന്നിതു പൌരജനങ്ങൾക്കു
താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി.


 
യാത്രാരംഭം

 രാഘവൻ താതഗേഹം പ്രവേശിച്ചുടൻ
വ്യാകുലഹീനം വണങ്ങിയരുൾ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
‘ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാർന്നു പോവാനായ് പുറപ്പെട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ’
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം
ശ്രീരാമനും മൈഥിലിക്കുമനുജനും
ചീരങ്ങൾ വെവ്വേറെ നൽകിനാളമ്മയും
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവൻ
വന്യചീരങ്ങൾ പരിഗ്രഹിച്ചീടിനാൻ
പുഷ്കരലോചനാനുജ്ഞയാ വൽക്കലം
ലക്ഷ്മണൻ താനുമുടുത്താനതു നേരം
ലക്ഷ്മീഭഗവതിയാകിയ ജാനകി
വൽക്കലം കയ്യിൽ പിടിച്ചുകൊണ്ടാകുലാൽ
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്
തൽക്ഷണേ ലജ്ജയാ ഭർത്തൃമുഖാംബുജം
ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ
മഗലദേവതാവല്ലഭൻ രാഘവ-
നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം
വൽക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു
സൽകാരമാനം കലർന്നു നിന്നീടിനാൻ
എന്നതു കണ്ടൊരു രാജദാരങ്ങളു-
മന്യരായുള്ള ജനങ്ങളുമൊക്കവേ
വന്ന ദു:ഖത്താൽ കരയുന്നതു കേട്ടു
നിന്നരുളീടും വസിഷ്ഠമഹാമുനി
കോപേന ഭർത്സിച്ചു കൈകേയി തന്നോടു
താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാൻ?
ദുഷ്ടേ! നിശാചരീ! ദുർവൃത്തമാനസേ!
കഷ്ടമോർത്തോളം കഠോരശീലേ! ഖലേ!
രാമൻ വനത്തിന്നു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ
ജാനകീദേവിക്കു വൽക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം?
ഭക്ത്യാ പതിവ്രതയാകിയ ജാനകി
ഭർത്താവിനോടുകൂടെ പ്രയാണം ചെയ്കിൽ
സർവ്വാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യാംബരം പൂണ്ടനുഗമിചീടുക.
കാനനദു:ഖനിവാരണാർത്ഥം പതി-
മാനസവും രമിപ്പിച്ചു സദാകാലം
ഭർത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’
ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥൻ
നത്വാ സുമന്ത്രരോടേവമരുൾ ചെയ്തു:
‘രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം’
ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു
‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ!
രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ!
ഹാ! മമ പ്രാണസമാന! മനോഹര!‘
ദു:ഖിച്ചു ഭൂമിയിൽ വീണു ദശരഥ-
നുൾക്കാന്പഴിഞ്ഞു കരയുന്നതു നേരം
തേരുമൊരുമിച്ചു നിർത്തി സുമന്ത്രരും
ശ്രീരാമദേവനുമപ്പോളുരചെയ്തു:
‘തേരിൽ കരേറുക സീതേ!വിരവിൽ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ‘
സുന്ദരിവന്ദിച്ചു തേരിൽക്കരേറിനാ-
ളിന്ദിരാ‍വല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടൻ തേരിൽ കരേറിനാൻ;
ബാണചാപാസി തൂണീരാദികളെല്ലാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാൻ
ലക്ഷ്മണനപ്പോൾ, സുമന്ത്രരുമാകുലാൽ
ദു:ഖേന തേർ തെളിച്ചീടിനാൻ, ഭൂപനും
നിൽക്കുനിൽക്കെന്നു ചൊന്നാൻ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുൾ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികൾ
താപം മുഴുത്തു വിലപിച്ചു പിന്നാലെ
‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി
കാണായ്കിലെങ്ങനെ ഞങ്ങൾ പൊറുക്കുന്നു?
പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘
ഇത്തരം ചൊല്ലി വിലപിച്ചു സർവ്വരും
സത്വരം തേരിൻ പിറകെ നട കൊണ്ടാർ
മന്നവൻ താനും ചിരം വിലപിച്ചഥ
ചൊന്നാൻ പരിചക്രന്മാരൊടാകുലാൽ
‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമൻ
തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിൻ
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം‘
എന്നതു കേട്ടോരു ഭൃത്യജനങ്ങളും
മന്നവൻ തന്നെയെടുത്തു കൌസല്യ തൻ
മന്ദിരത്തിങ്കലാക്കീടിനാനന്നേരം
വന്നൊരു ദു:ഖേന മോഹിച്ചു വീണിതു
പിന്നെയുണർന്നു കരഞ്ഞു തുടങ്ങിനാൻ
ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും.

വനയാത്ര

ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയമാത്രമുപജീവനം ചെയ്തു
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷമൂലേ ശയനം ചെയ്തുറങ്ങീടിനാൻ;
ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ
ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാൽ
പൌരജനങ്ങളും ചെന്നരികേ പുക്കു
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകിൽ
കാനനവാസം നമുക്കുമെന്നേവരും
മാനസത്തിങ്കലുറച്ചു മരുവിനാർ
പൌരജനത്തിൻ പരിദേവനം കണ്ടു
ശ്രീരാമദേവനുമുള്ളിൽ നിരൂപിച്ചു
‘സൂര്യനുദിച്ചാലയയ്ക്കയുമില്ലിവർ
കാര്യത്തിനും വരും വിഘ്നമെന്നാലിവർ
ഖേദം കലർന്നു തളർന്നുറങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരും മുൻപേ
പോകനാമിപ്പൊഴേ കൂട്ടുക തേരെ‘ന്നു
രാഘവൻ വാക്കുകൾ കേട്ടു സുമന്ത്രരും
വേഗേന തേരുമൊരുമിച്ചിതന്നേരം
രാഘവന്മാരും ജനകതനൂജയും
തേരിലേറീടിനാരേതുമറിഞ്ഞീല
പൌരജനങ്ങളന്നേരം സുമന്ത്രരും
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു
ചുറ്റും കിടന്ന പുരവാസികളെല്ലാം
പിറ്റേന്നാൾ തങ്ങളുണർന്നു നോക്കുന്നേരം
കണ്ടീലരാമനെയെന്നു കരഞ്ഞതി-
കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാർ
സീതാസമേതനാം രാമനെസ്സന്തതം
ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം
പുത്രമിത്രാദികളോടുമിട ചേർന്നു
ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും
മംഗലാദേവതാവല്ലഭൻ രാഘവൻ
ഗംഗാതടം പുക്കു ജാനകി തന്നോടും
മംഗലസ്നാനവും ചെയ്തു സഹാനുജം
ശ്രുംഗിവേരാവിദൂരേ മരുവീടിനാൻ
ദാശരഥിയും വിദേഹതനൂജയും
ശിംശപാമൂലേ സുഖേന വാണീടിനാർ


 
ഗുഹസംഗമം

രാമാഗമനമഹോത്സവമെത്രയു-
മാമോദമുൾക്കൊണ്ടു കേട്ടുഗുഹൻ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമൻ തിരുവടിയെക്കണ്ടു വന്ദിപ്പാൻ
പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം
പക്വഫലമധുപുഷ്പാ‍ദികളെല്ലാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു
പെട്ടെന്നെടുത്തെഴുന്നേൽപ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
മന്ദഹാസം പൂണ്ടു മാധുര്യപൂർവ്വകം
മന്ദേതരം കുശലപ്രശ്നവും ചെയ്തു
കഞ്ജവിലോചനൻ തൻ തിരുമേനി ക-
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു:
ധന്യനായേയടിയനിന്നു കേവലം
നിർണ്ണയം നൈഷാദജന്മവും പാവനം
നൈഷാദമായുള്ള രാജ്യമിതുമൊരു
ദൂഷണഹീനമധീനമല്ലോ തവ
കിങ്കരനാമടിയനേയും രാജ്യവും
സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക
സന്തോഷമുൾക്കൊണ്ടിനി നിന്തിരുവടി
സന്തതമത്ര വസിച്ചരുളീടണം
അന്ത:പുരം മമ ശുദ്ധമാക്കീടണ-
മന്തർമുദാ പാദപത്മരേണുക്കളാൽ
മൂലഫലങ്ങൾ പരിഗ്രഹിക്കേണമേ
കാലേ കനിവോടനുഗ്രഹിക്കേണമേ!
ഇത്തരം പ്രാർത്ഥിച്ചുനിൽക്കും ഗുഹനോടു
മുഗ്ദ്ധഹാസം പൂണ്ടരുൾ ചെയ്തു രാഘവൻ
‘കേൾക്ക നീ വാക്യം മദീയം മമ സഖേ!
സൌഖ്യമിതിൽപ്പരമില്ലെനിക്കേതുമേ
സംവത്സരം പതിനാലു കഴിയണം
സംവസിച്ചീടുവാൻ ഗ്രാമാലയങ്ങളിൽ
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു
മന്യേ വനവാസകാലം കഴിവോളം
രാജ്യം മമൈതതു ഭവാൻ മത്സഖിയല്ലോ
പൂജ്യനാം നീ പരിപാലിക്ക സന്തതം
കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട
കൊണ്ടുവരിക വടക്ഷീരമാശു നീ’
തൽക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷ്മണനോടും കലർന്നു രഘുത്തമൻ
ശുദ്ധവടക്ഷീരഭൂമികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും
സോദരൻ തന്നാൽ കുശദളാദ്യങ്ങളാൽ
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാൻ
പ്രാസാദമൂർദ്ധ്നി പര്യങ്കേ യഥാപുര-
വാസവും ചെയ്തുറങ്ങുന്നതുപോലെ
ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ
ലക്ഷ്മണഗുഹ സംവാദം

ലക്ഷ്മീപതിയായ രാഘവസ്വാമിയും
ലക്ഷ്മീഭഗവതിയാകിയ സീതയും
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി-
ദു:ഖം കലർന്നു ബാഷ്പാകുലനായ് ഗുഹൻ
ലക്ഷ്മണനോടു പറഞ്ഞുതുടങ്ങിനാൻ:
‘പുഷ്കരനേത്രനെക്കണ്ടീലയോ സഖേ!
പർണ്ണതൽപ്പേ ഭുവി ദാരുമൂലേ കിട-
ന്നർണ്ണോജനേത്രനുറങ്ങുമാറായിതു
സ്വർണതൽപ്പേ ഭവനോത്തമേ സൽപ്പുരേ
പുണ്യപുരുഷൻ ജനകാത്മജയോടും
പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ
പല്ലവപര്യങ്ക സീമ്നി വനാന്തരേ
ശ്രീരാമദേവനു ദു:ഖമുണ്ടാകുവാൻ
കാരണഭൂതയായ് വന്നിതു കൈകേയി
മന്ഥരാചിത്തമാസ്ഥായ കൈകേയി താൻ
ഹന്ത! മഹാപാപമാചരിച്ചാളല്ലോ?‘
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൌ-
മിത്രിയും സത്വരമുത്തരം ചൊല്ലിനാൻ:
‘ഭദ്രമതേ! ശ്രുണു! മദ്വചനം രാമ-
ഭദ്രനാമം ജപിച്ചീടുക സന്തതം
കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ!
പൂർവ്വജന്മ്മാർജ്ജിത കർമ്മമത്രേ ഭുവി
സർവ്വലോകർക്കും സുഖ ദു:ഖകാരണം
ദു:ഖസുഖങ്ങൾ ദാനം ചെയ്‌വതിന്നാരു-
മുൾക്കാമ്പിലോർത്തുകണ്ടാലില്ല നിർണ്ണയം
ഏകൻ മമ സുഖദാതാ ജഗതി മ-
റ്റേകൻ മമ ദു:ഖദാതാവിതി വൃഥാ
തോന്നുന്നതജ്ഞാനബുദ്ധികൾക്കെപ്പൊഴും
തോന്നുകയില്ല ബുധന്മാർക്കതേതുമേ
ഞാനിതിനിന്നു കർത്താവെന്നു തോന്നുന്നു
മാനസതാരിൽ വൃഥാഭിമാനേന കേൾ
ലോകം നിജ കർമ്മസൂത്രബദ്ധം സഖേ!
ഭോഗങ്ങളും നിജ കർമ്മാനുസാരികൾ
മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ-
ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാൽ സ്വകർമ്മങ്ങൾ
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
ദു:ഖം സുഖം നിജകർമ്മവശഗത-
മൊക്കെയെന്നുൾക്കാമ്പുകൊണ്ടു നിനച്ചതിൽ
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വർജ്ജിക്കയും വേണ്ട
വ്യർത്ഥമോർത്തോളം വിഷാദാതി ഹർഷങ്ങൾ
ചിത്തേ ശുഭാശുഭ കർമ്മഫലോദയേ
മർത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുൽപ്പന്നം വിധിവിഹിതം സഖേ!
സൌഖ്യദു:ഖങ്ങൾ സഹജമേവർക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും
ലോകേ സുഖാനന്തരംദു:ഖമായ് വരു-
മാകുലമില്ല ദു:ഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേചിന്തിക്കിലത്രയുമല്ലെടോ!
ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ-
പിന്നെ ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യസംയുക്തമായേവനു-
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
ആകയാൽ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹർഷങ്ങൾ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു-
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ലാം മഹാമായേതി ഭാവനാൽ’
ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ്
വൃത്താന്തഭേദം പറഞ്ഞുനിൽക്കുന്നേരം
മിത്രനുദിച്ചിതു സത്വരം രാഘവൻ
നിത്യകർമ്മങ്ങളും ചെയ്തരുളിച്ചെയ്തു
‘തോണി വരുത്തുകെ’ന്നപ്പോൾ ഗുഹൻ നല്ല-
തോണിയും കൊണ്ടുവന്നാശു വണങ്ങിനാൻ
‘സ്വാമിന്നിയം ദ്രോണികാ സമാരുഹ്യതാം
സൌമിത്രിണാ ജനകാത്മജയാ സമം
തോണി തുഴയുന്നതുമടിയൻ തന്നെ
മാനവവീര! മമ പ്രാണവല്ലഭ!‘
ശൃംഗിവേരാധിപൻ വാക്കു കേട്ടന്നേരം
മംഗലദേവതയാകിയ സീതയെ
കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ
കയ്യും പിടിച്ചു താനും കരേറിനാൻ
ആയുധമെല്ലാമെടുത്തു സൌമിത്രിയു-
മായതമായൊരു തോണി കരേറിനാൻ
ജ്ഞാതിവർഗ്ഗത്തോടു കൂടെ ഗുഹൻ പര-
മാദരവോടു വഹിച്ചിതു തോണിയും
മംഗലാപാംഗിയാം ജാനകീദേവിയും
ഗംഗയെ പ്രാർത്ഥിച്ചു നന്നായ് വണങ്ങിനാൾ:
‘ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ!
സംഗേന ശംഭു തൻ മൌലിയിൽ വാഴുന്ന
സുന്ദരീ! ഹൈമവതീ! നമസ്തേ നമോ
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ!
ഞങ്ങൾ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാൽ ബലിപൂജകൾ നൽകുവൻ
രക്ഷിച്ചുകൊൾക നീയാപത്തു കൂടാതെ
ദക്ഷാരിവല്ലഭേ! ഗംഗേ! നമോസ്തുതേ!
ഇത്തരം പ്രാർത്ഥിച്ചു വന്ദിച്ചിരിക്കവേ
സത്വരം പാരകൂലം ഗമിച്ചീടിനാർ
തോണിയിൽ നിന്നു താഴ്ത്തിറങ്ങി ഗുഹൻ
താണുതൊഴുതപേക്ഷിച്ചാൻ മനോഗതം
‘കൂടെവിടകൊൾവതിനടിയനുമൊ-
രാടൽ കൂടാതെയനുജ്ഞ നൽകീടണം
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായി-
ലേണാംക ബിംബാനന! ജഗതീപതേ!‘
നൈഷാദവാക്യങ്ങൾ കേട്ടു മനസി സ-
ന്തോഷേണ രാഘവനേവമരുൾ ചെയ്തു:
‘സത്യം പതിന്നാലു സംവത്സരം വിപി-
നത്തിൽ വസിച്ചു വരുവൻ വിരവിൽ ഞാൻ
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം’
ഇത്തരമോരോവിധമരുളിച്ചെയ്തു
ചിത്തമോദേന ഗാഢാശ്ലേഷവും ചെയ്തു
ഭക്തനെപ്പോകെന്നയച്ചു രഘുത്തമൻ
ഭക്ത്യാ നമസ്കരിച്ചഞ്ജലിയും ചെയ്തു
മന്ദമന്ദം തോണിമേലേ ഗുഹൻ വീണ്ടു
മന്ദിരം പുക്കു ചിന്തിച്ചു മരുവിനാൻ.

No comments:

Post a Comment