Monday, July 22, 2013


ഭരദ്വാജാശ്രമപ്രവേശം

വൈദേഹി തന്നോടു കൂടവേ രാഘവൻ
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതൽപ്പസ്ഥലേ
മാർത്താണ്ഡദേവനുദിച്ചോരനന്തരം
പാർത്ഥിവനർഘ്യാദി നിത്യകർമ്മം ചെയ്തു
ചെന്നുഭരദ്വാജനായ തപോധനൻ
തന്നാശ്രമപദത്തിന്നടുത്താദരാൽ
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരുവടു തന്നെയും
അപ്പോളവനോടരുൾ ചെയ്തു രാഘവൻ:
‘ഇപ്പൊഴേ നീ മുനിയോടുണർത്തിക്കണം
രാമൻ! ദശരഥനന്ദനനുണ്ടു തൻ
ഭാമിനിയോടുമനുജനോടും വന്നു
പാർത്തിരിയ്ക്കുന്നജുടജാന്തികേയെന്ന
വാർത്ത വൈകാതെയുണർത്തിക്ക‘യെന്നപ്പോൾ
താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ-
ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാൻ:
‘ആശ്രമോപാന്തെ ദശരഥപുത്രനു-
ണ്ടാശ്രിത വത്സല! പാർത്തിരുന്നീടുന്നു’
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്തേ
സമാദായ സാർഘ്യ പാദ്യാദിയും
ഗത്വാ രഘുത്തമ സന്നിധൌ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൌ മുഴുകിനാൻ
ദാശരഥിയും ഭരദ്വാജപാദങ്ങ-
ളാശു വണങ്ങിനാൻ ഭാര്യാനുജാന്വിതം
ആശിർവചനപൂർവ്വം മുനിപുംഗവ-
നാശയാനന്ദമിയന്നരുളിച്ചെയ്തു:
‘പാദരജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പർണശാലാമിമാ’
ഇത്ഥമുക്ത്വോടജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം
പൂജാവിധാനേന പൂജിച്ചുടൻ ഭര-
ദ്വാജതപോധനശ്രേഷ്ഠനരുൾ ചെയ്തു:
‘നിന്നോടു സംഗമമുണ്ടാകകാരണ-
മിന്നുവന്നു തപസ്സാഫല്യമൊക്കവേ
ജ്ഞാതം മയാ തവോദന്തം രഘുപതേ!
ഭൂതമാഗാമികം വാ കരുണാനിധേ!
ഞാനറിഞ്ഞേൻ പരമാത്മാ ഭവാൻ കാര്യ-
മാനുഷനായിതു മായയാ ഭൂതലേ
ബ്രഹ്മണാ പണ്ടു സംപ്രാർത്ഥിതനാകയാൽ
ജന്മമുണ്ടായതു യാതൊന്നിനെന്നതും
കാനനവാസാവകാശമുണ്ടായതും
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ!
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ
ജ്ഞാനമൂർത്തേ! സകലത്തേയും കണ്ടു ഞാൻ
എന്തിനു ഞാൻ വളരെപ്പറഞ്ഞീടുന്നു
സന്തുഷ്ടബുദ്ധ്യാ കൃതാർത്ഥനായേനഹം
ശ്രീപതി രാഘവൻ വന്ദിച്ചു സാദരം
താപസശ്രേഷ്ഠനോടേവമരുൾ ചെയ്തു”:
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ-
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!‘
ഇത്ഥമന്യോന്യമാഭാഷണവും ചെയ്തു
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്

വാൽമീകിയാശ്രമപ്രവേശം

ത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
ഉത്തമമായ കാളീന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാർഗ്ഗേണ പോയ്
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാൽ
തത്ര വാൽമീകി തന്നാശ്രമം നിർമ്മലം
നാനാമുനികുല സങ്കുലം കേവലം
നാനാമൃഗദ്വിജാകീർണം മനോഹരം
ഉത്തമ വൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദലസംയുതം
തത്ര ഗത്വാ സമാസീനം മുനികുല-
സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാൻ
രാമം രമാവരം വീരം മനോഹരം
കോമളം ശ്യാമളം കാമദം മോഹനം
കന്ദർപ്പ സുന്ദരമിന്ദീവരേക്ഷണ-
മിന്ദ്രാദിവൃന്ദാര കൈരഭി വന്ദിതം
ബാണതൂണീര ധനുർദ്ധരം വിഷ്ടപ-
ത്രാണ നിപുണം ജടാമകുടോജ്ജ്വലം
ജാനകീലക്ഷ്മണോപേതം രഘൂത്തമം
മാനവേന്ദ്രം കണ്ടു വാൽമീകിയും തദാ
സന്തോഷബാഷ്പാകുലാക്ഷനായ് രാഘവൻ
തൻ തിരുമേനി ഗാഢം പുണർന്നീടിനാൻ
നാരായണം പരമാനന്ദവിഗ്രഹം
കാർണ്യപീയൂഷസാഗരം മാനുഷം
പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം
രാജീവലോചനം രാ‍ജേന്ദ്ര ശേഖരം
ഭക്തിപൂണ്ടർഘ്യപാദ്യാദികൾകൊണ്ടഥ
മുക്തിപ്രദനായ നാഥനു സാദരം
പക്വമധുരമധുഫലമൂലങ്ങ-
ളൊക്കെ നിവേദിച്ചു ഭോജനാർത്ഥം മുദാ
ഭുക്ത്വാ പരിശ്രമം തീർത്തു രഘുവരൻ
നത്വാ മുനിവരൻ തന്നോടരുൾ ചെയ്തു
താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു
ഹേതുവോ ഞാൻ പറയേണമെന്നില്ലല്ലോ?
വേദാന്തിനാം ഭവാനതറിയാമല്ലോ
യാതൊരിടത്തു സുഖേന വസിക്കാവൂ
സീതയോടും കൂടിയെന്നരുൾ ചെയ്യേണം
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ
ചിത്തേ പെരികയുണ്ടാശ മഹാമുനേ!
ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന
മംഗലദേശങ്ങൾ മുഖ്യവാസോചിതം’
എന്നതു കേട്ടു വാൽമീകി മഹാമുനി
മന്ദസ്മിതം ചെയ്തിവണ്ണമരുൾ ചെയ്തു:
‘സർവ്വ ലോകങ്ങളും നിങ്കൽ വസിക്കുന്നു
സർവ്വലോകേഷു നീയും വസിക്കുന്നു
ഇങ്ങനെ സാധാരണം നിവാസസ്ഥല-
മങ്ങനെയാകയാലെന്തു ചൊല്ലാവതും
സീതാസഹിതനായ് വാഴുവാനിന്നൊരു
ദേശം വിശേഷിച്ചു ചോദിക്ക കാരണം
സൌഖ്യേന തേ വസിപ്പാ‍നുള്ള മന്ദിര-
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാൻ
സന്തുഷ്ടരായ് സമസൃഷ്ടികളായ് ബഹു-
ജന്തുക്കളിൽ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെബ്ഭജിപ്പവർ നമ്മുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം
നിത്യധർമ്മാധർമ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ
ചിത്തസരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം
നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു
നീർദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ്
ത്വന്മന്ത്രജാപകരായുള്ള മാനുഷർ
തന്മന:പങ്കജം തേ സുഖമന്ദിരം
ശാന്തന്മാരായ് നിരഹങ്കാരികളുമായ്
ശാന്ത രാഗദ്വേഷമാനസന്മാരുമായ്
ലോഷ്ടാശ്മകാഞ്ചന തുല്യമതികളാം
ശ്രേഷ്ടമതികൾ മനസ്തവ മന്ദിരം
നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സൊടും
സന്തുഷ്ടരായ് മരുവുന്നവർ മാനസം
സന്തതം തേ സുഖവാസായ മന്ദിരം
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു-
മിഷ്ടേതരാപ്തിക്കനുതാപവുമില്ല
സർവവും മായേതി നിശ്ചിന്ത്യ വാഴുന്ന
ദിവ്യമനസ്തവ വാസായ മന്ദിരം
ഷഡ്ദ്ഭാവഭേദവികാരങ്ങളൊക്കെയു-
മുൾപ്പൂവിലോർക്കിലോ ദേഹത്തിനേയുള്ളൂ
ക്ഷുത്തൃഡ്ഭവസുഖദു:ഖാദി സർവവും
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം
യാതൊരുത്തൻ ഭവന്തം പരംചിദ്ഘനം
വേദസ്വരൂപമനന്തമേകം സതാം
വേദാന്തവേദമാദ്യം ജഗദ്കാരണം
നാദാന്തരൂപം പരബ്രഹ്മമച്യുതം
സർവഗുഹാശയത്വം സമസ്താധാരം
സർവഗതം പരാത്മാനമലേപകം
വാസുദേവം വരദം വരേണ്യം ജഗ-
ദ്വാസിനാമാത്മനാ കാണുന്നതും സദാ
തസ്യചിത്തേ ജനകാത്മജയാ സമം
നിസ്സംശയം വസിച്ചീടുക ശ്രീപതേ!
സന്തതാഭ്യാസദൃഢീകൃതചേതസാം
സന്തതം ത്വല്പാദസേവാരതാത്മനാം
അന്തർഗതനായ് വസിക്കനീ സീതയാ
ചിന്തിത ചിന്താമണേ! ദയാവാരിധേ!


വാൽമീകിയുടെ ആത്മകഥ

കർണാമൃതം തവ നാമമാഹാത്മ്യമോ
വർണിപ്പതിനാർക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുർമ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിർമ്മദിയാദങ്ങള് ചെയ്തേൻ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേൻ ചിരം.
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേർന്നു
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്ര ജന്തുക്കളെ കൊന്നേൻ ചതിച്ചു ഞാൻ!
എത്രവസ്തു പറിച്ചേൻ ദ്വിജന്മാരോടു‌‌-
മത്ര മുനീന്ദ്രവനത്തിൽ നിന്നേകദാ.
സപ്തമുനികൾ വരുന്നതു കണ്ടുഞാൻ
തത്രവേഗേന ചെന്നേൻ മുനിമാരുടെ
വസ്ത്രാദികൾ പറിച്ചീടുവാൻ മൂഡനായ്.
മദ്ധ്യാഹ്നമാർത്താണ്ഡതേജസ്വരൂപികൾ
നിർദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും
വിദ്രുതം നിർജ്ജനേ ഘോരമഹാവനേ
ദൃഷ്ട്വാ സസംഭ്രമമെന്നോടരുൾ ചെയ്തു:
‘തിഷ്ഠ തിഷ്ഠ ത്വയാ കർത്തവ്യമത്ര കിം?
ദുഷ്ഠമതേ പരമാർഥം പറ‘കെന്നു
തുഷ്ട്യാ മുനിവര്യന്മാരരുൾ ചൈയ്തപ്പോൾ
നിഷ്ഠുരാത്മാവായ ഞാനുമവർകളോ-
ടിഷ്ടം മദീയം പറഞ്ഞേൻ നൃപാത്മജ!
‘പുത്രദാരാദികളുണ്ടെനിക്കെത്രയും
ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു.
വൃത്തികഴിപ്പാൻ വഴിപോക്കരോടു ഞാൻ
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു-
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാൻ.
ചൊന്നാൻ മുനിവരന്മാരതു കേട്ടുട-
നെന്നോടു മന്ദസ്മിതം ചെയ്തു സാദരം:
‘എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം
നി കുടുംബത്തോടു ചോദിക്ക നീ
നിങ്ങളെ ച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ
നിങ്ങൾ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങൾ നിസംശയം.’
ഇത്ഥമാകർണ്ണ്യ ഞാൻ വീണ്ടുപോയ്ച്ചെന്നു മൽ-
പുത്രദാരാദികളൊടു ചോദ്യം ചെയ്തേൻ:
‘ദുഷ്കർമ്മസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ?
മൽ പാപമൊക്കെ,ഞാൻ തന്നെ ഭുജിക്കെന്നോ?
സത്യം പറയേണ’മെന്നു ഞാൻ ചൊന്നതി-
നുത്തരമായവരെന്നോടു ചൊല്ലിനാർ:
“നിത്യവും ചെയ്യുന്ന കർമ്മഗണഫലം
കർത്താവൊഴിഞ്ഞുമറ്റന്യർ ഭുജിക്കുമൊ?
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിചീടുകെന്നേവരൂ.”
ഞാനുമതു കേട്ടു ജാത നിർവേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം
താപസൻമാർ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്കരിച്ചീടിനേൻ
നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്ത:കരണവും
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാൻ
ഭക്ത്യാ നമസ്കരിച്ചേൻ പാദസന്നിധൌ
‘ദുർഗ്ഗതി സാഗരേ മഗ്നനായ് വീഴുവാൻ
നിർഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌-
രക്ഷണം ഭൂഷണമല്ലൊ മഹാത്മനാം’.
സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുൾ ചെയ്തു:
‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ.
സദ്യ:ഫലം വരും സജ്ജനസംഗമാ-
ദ്വിദ്വജ്ജനാനാം മഹത്വമേതാദൃശം.
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ-
മെന്നാൽ നിനക്കതിനാലേ ഗതിവരും.’
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
‘ദുർവൃത്തനേറ്റം ദ്വിജധമനാമിവൻ
ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും
രക്ഷരക്ഷേതി ശരണംഗമിച്ചവൻ
രക്ഷണീയൻ പ്രയത്ന ദുഷ്ടോപി വാ.
മോക്ഷമാർഗ്ഗോപദേശേന രക്ഷിക്കണം
സാക്ഷാൽ പരബ്രഹ്മബോധപ്രദാനേന.’
ഇത്ഥമുക്ത്വാ രാമനാമ വർണ്ണദ്വയം
വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ.
‘നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം.
ഞങ്ങളിങ്ങോട്ടു വരുവോളവും പുന-
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാർ
സത്വരം ദിവ്യപഥാ ഗമിച്ചീടിനാർ.
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാസഹസ്രയുഗം കഴിവോളവും
പുറ്റുകൊണ്ടെന്നുടൽ മൂടിമഞ്ഞിച്ചിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാർ,
ഗോപതിമാരുദയം ചെയ്തതുപോലെ,
നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാൻ
നിർഗ്ഗമിച്ചീടിനേനാശു നാകൂദരാൽ.
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ-
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താർ:
‘വാൽമീകിയാം മുനി സ്രേഷ്ടൻ ഭവാൻ ബഹു-
ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’
എന്നരുൾചെയ്തെഴുന്നെള്ളി മുനികളു-
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും.
രാ‍മനാമത്തിൻ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേൻ.
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ‍ കാണ്മതിന്നവകാശവും
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
രാജീവ ലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!
‘സീതയാ സാർദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവൻ ഞാൻ
പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ
ചേർന്നുള്ള ശീഷ്യപരിവൃതനാം മുനി.
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീർത്തു മാമുനി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-
മക്ഷിവിമോഹനമായ് രണ്ടു ശാലയും
നിർമ്മിച്ചിവിടെയിരിക്കെന്നരുൾ ചെയ്തു;
മന്മഥതുല്യൻ ജനകജതന്നോടും
നിർമ്മലനാകിയ ലക്ഷ്മണൻ തന്നോടും
ബ്രഹ്മാത്മനാ മരുവീടിനൻ,രാമനും
വാൽമീകിയാൽ നിത്യപൂജിതനായ് സദാ.
കാമ്യാംഗിയായുള്ള ജാനകി തന്നോടും
സാദരമാനന്ദമുൾക്കൊണ്ടു മേവിനാൻ.
ദേവമുനീവരസേവിതനാകിയ
ദേവരാജൻ ദിവി വാഴുന്നതുപോലെ.


ദശരഥന്റെ ചരമഗതി

മന്ത്രിവരനാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാൻ.
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ-
രത്യർത്ഥമിറ്റിറ്റു വീണും തുടച്ചുമ-
ത്തേരും പുറത്തുഭാഗത്തു നിർത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാൻ.
‘ധാത്രീപതെ! ജയ വീര മൌലേ ജയ
ശാസ്ത്രമതേ!ജയ ശൌര്യാംബുധേ! ജയ
കീർത്തി നിധേ! ജയ സ്വാമിൻ!ജയ ജയ
മാർത്താണ്ഡഗോത്രജാതോത്തംസമേ! ജയ.’
ഇത്തരം ചൊല്ലി സ്തുതിച്ചു വണങ്ങിയ
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമൻ:
‘സോദരനോടും ജനകാത്മജയോടു-
മേതൊരു ദിക്കിലിരിക്കുന്നു രാഘവൻ?
നിർല്ലജ്ജനായതി പാപിയാമെന്നോടു
ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ
ലക്ഷ്മണ,നെന്തു പറഞ്ഞു വിശേഷിച്ചു
ലക്ഷ്മീസമയായ ജാനകീ ദേവിയും?
ഹാ രാമ! ഗുണവാരിധേ! ലക്ഷ്മണ!
വാരിജ ലോചനേ! ബാലേ മിഥിലജേ!
ദു:ഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
മക്കളേയും കണ്ടെനിക്കു മരിപ്പാനും-
മിക്കാലമില്ലാതെ വന്നു സുകൃതവും.’
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ-
ടുൾത്താപമോടുരചെയ്തു സുമന്ത്രരും:
“ശ്രീരാമസീതാസുമിത്രാത്മജന്മാരെ-
ത്തേരിലേറ്റിക്കൊണ്ടു പോയേൻ തവാജ്ഞയാ.
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു
ഗംഗാതടേ വസിച്ചീടും ദശാന്തരേ
കണ്ടുതൊഴുതിതു ശൃഗിവേരാധിപൻ
കൊണ്ടുവന്നു ഗുഹൻ മൂലഫലാദികൾ.
തൃക്കൈകൾ കൊണ്ടതു തൊട്ടുപരിഗ്രഹി-
ച്ചക്കുമാരന്മാർ ജടയും ധരിച്ചിതു.
പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ-
നെന്നെ നിരൂ‍പിച്ചു ദു:ഖിയായ്കാരുമേ.
ചൊല്ലേണമെന്നുടെ താതനോടും ബലാ-
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം.
സൌഖ്യമയോദ്ധ്യയിലേറും വനങ്ങളിൽ
മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും.
മാതാവിനും നമസ്കാരം വിശേഷിച്ചു
ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും.
പിന്നെയും പിന്നെയും ചൊൽകപിതാവതി-
ഖിന്നനായ് വാർദ്ധ്യക്യപീഡിതനാകയാൽ
എന്നെപ്പിരിഞ്ഞുള്ള ദു:ഖമശേഷവും
ധന്യവാക്യാമൃതം കൊണ്ടനക്കീടണം.’
ജാനകൈയും തൊഴുന്നെന്നോടു ചൊല്ലിനാ-
ളാനനപത്മവും താഴ്ത്തി മന്ദം മന്ദം
അശ്രുകണങ്ങളും വാർത്തു സഗദ്ഗദം:
‘ശ്വശ്രുപാദേഷു സാഷ്ടാംഗം നമസ്കാരം.’
തോണികരേറി ഗുഹനോടു കൂടവേ
പ്രാണവിയോഗേന നിന്നേനടിയനും
അക്കരെച്ചെന്നിറങ്ങിപ്പൊയ് മറവോള‌-
മിക്കരെ നിന്നു ശവശരീരം പോലെ.
നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ-
മാലംബ്യ മന്ദം നിവൃത്തനായീടിനാൻ.”
തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാൾ:
‘ദത്തമല്ലൊ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ
തുഷ്ടനായ് നൽകിയാൽ പോരായിരുന്നിതോ?
മൽപുത്രനെ കാനനാന്തേ കളവതി-
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ!
ഏവരേയും വരുത്തിത്തനിയേ പരി-
ദേവന്ം ചെയ്‌വതിനെന്തൊരു കാരണം?’
ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകൾ
താപേന കേട്ടു മന്ദം പറഞ്ഞീടിനാൻ:
“പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ
പുണ്യമില്ലാതെ മാം ഖേദിപ്പിയായ്കു നീ.
ദു:ഖമുൾക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ-
ന്നുൾക്കാമ്പുരുക്കിച്ചമയ്ക്കായ്കു വല്ലഭേ!
‘പ്രാണപ്രയാണമടുത്തു,തപോധനൻ
പ്രാണവിയോഗേ ശപിച്ചതു കാരണം.
കേൾക്കനീ ശാപ വൃത്താന്തം മനോഹര!
സാക്ഷാൽ തപസ്വീകളീശ്വരന്മാരല്ലോ.
അർദ്ധരാത്രൌ ശരജ്വാലവും ചാപവും
ഹസ്തേധരിച്ചു മൃഗയാവിവശനായ്
വാഹിനീതീരെ വനാന്തരെ മാനസ-
മോഹേന നിൽക്കുന്നനേരമൊരു മുനി
ദാഹേന മാതാപിതാക്കൾ നിയോഗത്താൽ
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു
കുംഭവും കൊണ്ട് നീർ കോരുവാൻ വന്നവൻ
കുംഭേന വെള്ളമൻപൊടുമുക്കും വിധൌ
കുംഭത്തിൽ നീരകം പുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി
ചിന്തിച്ചുടൻ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഡ്ഡമയച്ചീടനേൻ.
‘ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം
ഹാ!’ ഹേതി കേട്ടിതു മാനുഷ വാക്യവും.
‘ഞാനൊരു ദോഷമാരോടുമേ ചെയ്തീല
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ?
പാർത്തിരിക്കുന്നതു മാതാപിതാക്കന്മാ-
രാർത്തി കൈക്കൊണ്ടു കണ്ണീർക്കു ദാഹിക്കയാൽ.’
ഇത്തരം മർത്യനാദം കേട്ടു ഞാനതി-
ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ
താപസബാലകൻ പാദങ്ങളിൽ വീണു
താപേന ചൊന്നേൻ മുനിസുതനോടു ഞാൻ:
‘സ്വാമിൻ ദശരഥനായ രാജാവു ഞാൻ
മാമപരാധിനം രക്ഷിക്ക വേണമേ!
ഞാനറിയാതെ മൃഗയാവിവശനാ-
യാന തണ്ണീർകുടിക്കും നാദമെന്നോർത്തു
ബാണമെയ്തേനതിപാപിയായോരു ഞാൻ
പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ.’
പാ‍ദങ്ങളിൽ വീണു കേണീടുമെന്നോടു
ഖേദം കലർന്നു ചൊന്നാൻ മുനി ബാലകൻ:
കർമ്മമത്രെ തടുക്കാവതല്ലർക്കുമേ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
വൈശ്യനത്രേ ഞാൻ മമ പിതാക്കന്മാരെ-
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ.
വാർദ്ധക്യമേറി ജരാനരയും പൂണ്ടു
നേത്രവും കാണാതെ പാർത്തിരുന്നീടുന്നു
ദാഹേന ഞാൻ ജലം കൊണ്ടങ്ങു ചെല്ലുവാൻ
ദാഹം കേടുക്ക നീ തണ്ണീർ കൊടുത്തിനി
വൃത്താന്തമെല്ലാമവരോടറിയിക്ക
സത്യമെന്നാലവർ നിന്നെയും രക്ഷിക്കും.
എന്നുറ്റെ താതനു കോപമുണ്ടാകിലോ
നിന്നെയും ഭസ്മമാക്കീടുമറിക നീ.
പ്രാണങ്ങൾ പോകാഞ്ഞു പീഡയുണ്ടേറ്റവും
ബാണം പറിക്ക നീ വൈകരുതേതുമേ.’
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു
പിന്നെസ്സജലം കലശവും കൈക്കൊണ്ടു
ദമ്പതിമാരിരിക്കുന്നവിടെക്കതി-
സംഭ്രമത്തോടു ഞാൻ ചെല്ലും ദശാന്തരേ,
‘വൃദ്ധതയോടു നേത്രങ്ങളും വേറുപെ-
ട്ടർദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ
വർത്തിക്കുമെങ്ങൾക്കു തണ്ണീർക്കുപോയൊരു
പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ?
മറ്റില്ലൊരാശ്രയം ഞങ്ങൾക്കൊരുനാളും
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാൻ?
ഭക്തിമാനേറ്റവും മുന്നമെല്ലാമതി-
സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാൽ?’
ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ
മൽപാദവിന്യാസജധ്വനി കേൾക്കായി
കാൽപ്പെരുമാറ്റം മദീയം തഥാ കേട്ടു
താൽപര്യമോടു പറഞ്ഞു ജനകനും:
‘വൈകുവാനെന്തു മൂലം മമ നന്ദന!
വേഗേന തണ്ണിർ തരിക നീ സാദരം.’
ഇത്ഥമാകർണ്യ ഞാൻ ദമ്പദിമാർ പദം
ഭക്ത്യാനമസ്കരിച്ചെത്രയും ഭീതനായ്
വൃത്താന്തമെല്ലാമറിയിച്ചിതന്നേരം
‘പുത്രനല്ലയൊദ്ധ്യാധിപനാകിയ
പൃഥ്വീവരൻ ഞാൻ ദശരഥനെന്നു പേർ.
രാത്രൌ വനാന്തേ മൃഗയാവിവശനായ്
ശാർദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു
പാർത്തിരുന്നേൻ നദീതീരെ മൃഗാശയാ.
കുംഭത്തിൽ നീരകം പുക്കുന്ന ശബ്ദം കേട്ടു
കുംഭിവീരൻ നിജ തുമ്പിക്കരം തന്നിൽ
അംഭസ്സു കൊള്ളുന്ന ശബ്ദമെന്നോർക്കയാ-
ലമ്പയച്ചേനറിയാതെ,യതും ബലാൽ
പുത്രനുകൊണ്ടനേരത്തു കരച്ചിൽ കേ-
ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേൻ.
ബാലനെക്കണ്ടു നമസ്കരിച്ചേനതു-
മൂലമവനുമെന്നോടു ചൊല്ലീടിനാൻ:
‘കർമ്മമാത്രേ മമ വന്നതിതു തവ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു
പർണ്ണശാലാന്തേ വിശന്നു ദാ‍ഹത്തൊടും
എന്നെയും പാർത്തിരിക്കും പിതാക്കന്മാർക്കു
തണ്ണീർ കൊടുക്ക‘യെന്നെന്നോടു ചൊല്ലിനാൻ.
ഞാനതുകേട്ടുഴറ്റോടു വന്നേനിനി
ജ്ഞാ‍നികളാം നിങ്ങളൊക്കെ ക്ഷമിക്കണം.
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല
പാപിയായോരടിയന്നവലംബനം
ജന്തുവിഷയ കൃപാവശന്മാരല്ലോ
സന്തതം താപസപുംഗവന്മാർ നിങ്ങൾ.’
ഇത്ഥമാകർണ്യ കരഞ്ഞു കരഞ്ഞവ-
രേത്രയും ദു:ഖം കലർന്നു ചൊല്ലീടിനാർ:
‘പുത്രനെവിടെക്കിടക്കുന്നിതു ഭവാൻ
തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.’
ഞാനതു കേട്ടവർതമ്മെയെടുത്തതി-
ദീനതയോടെ മകനുറ്റൽ കാട്ടിനേൻ.
കഷ്ടമാഹന്ത! കഷ്ടം! കർമ്മമെന്നവർ
തൊട്ടു തലോടി തനയശരീരവും.
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നതയോടവരെന്നോടു ചൊല്ലിനാർ:
‘നീയിനി നല്ല ചിത ചമച്ചീടണം
തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.’
തത്ര ഞാനും ചിത കൂട്ടിയേനന്നേരം
പുത്രേണ സാകം പ്രവേശീച്ചവർകളും
ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും
വൃത്രാരിലോകം ഗമിച്ചുവാണീടിനാർ.
വൃദ്ധതപോധനനന്നേരമെന്നോടു
പുത്രശോകത്താൽ മരിക്കുമെന്നു ചൊല്ലിനാൻ.
ശാപകാലം നമുക്കാഗതമായിതു
താപസവക്യമസത്യമായും വരാ.”
മന്നവനേവം പറഞ്ഞുവിലാപിച്ചു
പിന്നേയും പിന്നേയും കേണു തുടങ്ങിനാ‍ൻ:
‘ഹാ രാമ!പുത്ര! ഹാ സീതേ! ജനകജെ!
ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണാംബുധേ!
നിങ്ങളേയും പിരിഞ്ഞെന്മനം പുന-
രിങ്ങനെ വന്നതു കൈകേയി സംഭവം.’
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥൻ പുക്കു സുരാലയം.

No comments:

Post a Comment