Thursday, July 25, 2013

ആരണ്യകാണ്ഡം - ഒന്നാം ഭാഗം
ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
നീലനീരദനിഭൻ നിർമ്മലൻ നിരഞ്ജനൻ
നീലനീരജദലലോചനൻ നാരായണൻ
നീലലോഹിതസേവ്യൻ നിഷ്‌കളൻ നിത്യൻ പരൻ
കാലദേശാനുരൂപൻ കാരുണ്യനിലയനൻ
പാലനപരായണൻ പരമാത്മാവുതന്റെ
ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും.
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
സാരമായൊരു മുക്തിസാധനം രസായനം. 10
ഭാരതീഗുണം തവ പരമാമൃതമല്ലോ
പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ.
ഫാലലോചനൻ പരമേശ്വരൻ പശുപതി
ബാലശീതാംശുമൌലി ഭഗവാൻ പരാപരൻ
പ്രാലേയാചലമകളോടരുൾചെയ്തീടിനാൻ.
ബാലികേ കേട്ടുകൊൾക പാർവ്വതി ഭക്തപ്രിയേ!
രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
രാമനദ്വയനേകനവ്യയനഭിരാമൻ
അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം.
 മഹാരണ്യപ്രവേശം


പ്രത്യുഷസ്യുത്ഥായ തൻ നിത്യകർമ്മവും ചെയ്തു
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാൻ.
"പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങൾക്കു മുനി-
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ!
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരിൽ ചിലരെയും."
ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
തിങ്ങീടും കൌതൂഹലംപൂണ്ടുടനരുൾചെയ്തുഃ 30
"നേരുളള മാർഗ്ഗം ഭവാനേവർക്കും കാട്ടീടുന്നി-
താരുളളതഹോ തവ നേർവഴി കാട്ടീടുവാൻ!
എങ്കിലും ജഗദനുകാരിയാം നിനക്കൊരു
സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം."
'ചൊല്ലുവിൻ നിങ്ങൾ മുമ്പിൽനടക്കെ'ന്നവരോടു
ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാൻ.
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
തന്നോടു രാമചന്ദ്രൻ വന്ദിച്ചു ഭക്തിപൂർവ്വംഃ
"നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ." 40
എന്നു കേട്ടാശീർവാദംചെയ്തുടൻ മന്ദം മന്ദം
ചെന്നു തൻ പർണ്ണശാല പുക്കിരുന്നരുളിനാൻ.
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോൾ
മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു.
അന്നേരം ശിഷ്യർകളോടരുളിച്ചെയ്തു രാമ-
'നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?'
എന്നുകേട്ടവർകളും ചൊല്ലിനാ'രെന്തു ദണ്ഡം
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
വേഗേന ഞങ്ങൾ കടത്തീടുന്നതുണ്ടുതാനു-
മാകുലം വേണ്ട ഞങ്ങൾക്കുണ്ടല്ലോ പരിചയം. 50
എങ്കിലോ തോണികരേറീടാ'മെന്നവർ ചൊന്നാർ,
ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാർ.
ശ്രീരാമൻ പ്രസാദിച്ചു താപസകുമാരക-
ന്മാരോടു 'നിങ്ങൾ കടന്നങ്ങുപോകെ'ന്നു ചൊന്നാൻ.
ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാർ.
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
ഘോരമായുളള മഹാകാനനമകംപുക്കാർ.
ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
ശല്യാദിമൃഗഗണാകീർണ്ണമാതപഹീനം 60
ഘോരരാക്ഷസകുലസേവിതം ഭയാനകം
ക്രൂരസർപ്പാദിപൂർണ്ണം കണ്ടു രാഘവൻ ചൊന്നാൻഃ
"ലക്ഷ്മണാ! നന്നായ്‌ നാലുപുറവും നോക്കിക്കൊൾക
ഭക്ഷണാർത്ഥികളല്ലോ രക്ഷസാം പരിഷകൾ.
വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം
നല്ലൊരു ശരമൂരിപ്പിടിച്ചുകൊൾക കൈയിൽ.
മുന്നിൽ നീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം.
ജീവാത്മപരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ 70
ആവയോർമ്മദ്ധ്യേ നടന്നീടുകവേണം സീതാ-
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ."
ഇത്തരമരുൾചെയ്തു തൽപ്രകാരേണ പുരു-
ഷോത്തമൻ ധനുർദ്ധരനായ്‌ നടന്നോരുശേഷം
പിന്നിട്ടാരുടനൊരു യോജനവഴിയപ്പോൾ
മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാർ.
കല്‌ഹാരോൽപലകുമുദാംബുജരക്തോൽപല-
ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
തോയപാനവുംചെയ്തു വിശ്രാന്തന്മാരായ്‌ വൃക്ഷ-
ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം.
വിരാധവധം \

അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാർദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90
ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ
ലക്ഷ്‌മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻഃ
"കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ.
എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതേ
വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100
നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
ദൃഷ്‌ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താൻഃ
"കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
ദുഷ്‌ടജന്തുക്കളേറ്റമുളള വൻകാട്ടിലിപ്പോൾ
നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ. 110
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ."
രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ-
നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരംഃ
"രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ
വാമലോചന സീതാദേവിയെന്നല്ലോ നാമം.
ലക്ഷ്‌മണനെന്നു നാമമിവനും മൽസോദരൻ
പുക്കിതു വനാന്തരം ജനകനിയോഗത്താൽ,
രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ." 120
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി
ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻഃ
"ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
തെത്രയും മുഢൻ ഭവാനെന്നിഹ ധരിച്ചോൻ ഞാൻ.
മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ.
നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 130
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോൾ
തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ."
ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി-
സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ
പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ
ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളർന്നതി-
സത്വരം നക്തഞ്ചരനടുത്താനതുനേര-
മസ്ര്തങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും
ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ-
ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ. 140
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
ചിത്തകൌതുകത്തോടു പുണർന്നു വൈദേഹിയും.
നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
അന്നേരം വിരാധൻതന്നുളളിൽനിന്നുണ്ടായൊരു
ധന്യരൂപനെക്കാണായ്‌വന്നിതാകാശമാർഗ്ഗേ.
സ്വർണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
സുന്ദരശരീരനായ്‌ നിർമ്മലാംബരത്തോടും
രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം 150
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
നന്ദംപൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻഃ
"ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ!
കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ!
ദുർവ്വാസാവായ മുനിതന്നുടെ ശാപത്തിനാൽ
ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ. 160
നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
പാണികൾകൊണ്ടു ചരണാർച്ചനംചെയ്യാകേണം
ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണംചെയ്യാകേണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.
ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
മുത്തമഭക്തന്മാർക്കു ഭൃത്യനായ്‌ വരേണം ഞാൻ. 170
നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ
നമസ്തേ രാമായാത്മാരാമായ നമോ നമഃ.
നമസ്തേ രാമായ സീതാഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ.
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ.
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180
"മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും."
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ
കാമലാഭേന പോയി നാകലോകവും പുക്കാൻ.
ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.
ശരഭംഗ മന്ദിരപ്രവേശം

രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്‌തുഃ
"ഞാനനേകംനാളുണ്ടു പാർത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
മർത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ."
യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ
യോഗേശനായ രാമൻതൻപദം വണങ്ങിനാൻഃ
"ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുർവാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുർദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്നാകരം."
കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാൻ തപോധന-
നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികൾ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാർ
പാകശാസനൻ പദാംഭോജവും വണങ്ങിനാൻ.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വർഗ്ഗം പുക്കാർ.
മുനിമണ്ഡല സമാഗമം

ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥൻ
പുണ്ഡരീകാക്ഷൻതന്നെക്കാണ്മാനായ്‌ വന്നീടിനാർ.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താർ.
താപസന്മാരുമാശീർവാദംചെയ്തവർകളോ-
ടാഭോഗാനന്ദവിവശന്മാരായരുൾചെയ്താർഃ
"നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
പന്നഗോത്തമതൽപേ പളളികൊളളുന്ന ഭവാൻ. 230
ധാതാവർത്ഥിക്കമൂലം ഭൂഭാരം കളവാനായ്‌
ജാതനായിതു ഭൂവി മാർത്താണ്ഡകുലത്തിങ്കൽ
ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാർ
ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
സങ്കടം ഞങ്ങൾക്കു തീർത്തീടുവാനെന്നു നൂനം.
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാൽ." 240
എന്നരുൾചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപർണ്ണശാലകൾ കണ്ടാർ.
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
കുന്നുകൾപോലെ കണ്ടു രാഘവൻ ചോദ്യംചെയ്താൻഃ
"മർത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!"
തദ്വാക്യം കേട്ടു ചൊന്നാർ താപസജനംഃ"രാമ-
ഭദ്ര! നീ കേൾക്ക മുനിസത്തമന്മാരെക്കൊന്നു
നിർദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
യിദ്ദേശമസ്ഥിവ്യാപ്തമായ്‌ ചമഞ്ഞിതു നാഥാ!" 250
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
ചിത്തനായോരു പുരുഷോത്തമനരുൾചെയ്തുഃ
"നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവൻ ഞാൻ.
ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ-
ന്തുഷ്ട്യ‍ാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം."

സുതീഷ്ണാശ്രമ പ്രവേശം
സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
നിത്യസംപൂജ്യമാനനായ്‌ വനവാസികളാൽ
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളിൽ
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260
സത്സംസർഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം
മുഖ്യതാപസകുലശിഷ്യസഞ്ചയപൂർണ്ണം
സർവർത്തുഗുണഗണസമ്പന്നമനുപമം
സർവകാലാനന്ദദാനോദയമത്യത്ഭുതം
സർവപാദപലതാഗുൽമസംകുലസ്ഥലം
സർവസൽപക്ഷിമൃഗഭുജംഗനിഷേവിതം.
രാഘവനവരജൻതന്നോടും സീതയോടു-
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠൻ 270
കുംഭസംഭവനാകുമഗസ്ത്യ‍ശിഷ്യോത്തമൻ
സംപ്രീതൻ രാമമന്ത്രോപാസനരതൻ മുനി
സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
സംപൂജ്യച്ചരുളിനാനർഗ്‌ഘ്യപാദാദികളാൽ.
ഭക്തിപൂണ്ടശ്രുജനനേത്രനായ്‌ സഗദ്‌ഗദം
ഭക്തവത്സലനായ രാഘവനോടു ചൊന്നാൻഃ
"നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
സന്തതം ജപിപ്പു ഞാൻ മൽഗുരുനിയോഗത്താൽ.
ബ്രഹ്‌മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
നിന്മഹാമായാർണ്ണവം കടപ്പാനൊരു പോതം. 280
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ
ത്വൽപാദാംബുജം നിത്യമുൾക്കാമ്പിലുദിക്കണം.
പുത്രഭാര്യാർത്ഥനിലയാന്ധകൂപത്തിൽ വീണു
ബദ്ധനായ്‌ മുഴുകീടുമെന്നെ നിന്തിരുവടി
ഭക്തവാത്സല്യകരുണാകടാക്ഷങ്ങൾതന്നാ-
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
മൂത്രമാംസാമേദ്ധ്യാന്ത്രപുൽഗല പിണ്ഡമാകും
ഗാത്രമോർത്തോളമതി കശ്‌മല,മതിങ്കലു- 290
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
ച്ചാർത്തിനാശന! ഭവാൻ വാഴുകെന്നുളളിൽ നിത്യം.
സർവഭൂതങ്ങളുടെയുളളിൽ വാണീടുന്നതും
സർവദാ ഭവാൻതന്നെ കേവലമെന്നാകിലും
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
സേവാനുരൂപഫലദാനതൽപരൻ ഭവാൻ
ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! 300
വിശ്വസംഹാരസൃഷ്‌ടിസ്ഥിതികൾ ചെയ്‌വാനായി
വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
ച്ചിദ്രൂപനായ ഭവാൻ വാഴുന്നു, മോഹാത്മനാം
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കൽ
ഭാനുമാൻ ജലംപ്രതി വെവ്വേറെ കാണുംപോലെ.
ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാൻ ദയാനിധേ!
അദ്യൈവ ഭവച്ചരണാംബുജയുഗം മമ
പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാൽ. 310
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
നിർമ്മലനായ ഭവാൻ ചിന്മയനെന്നാകിലും
സന്മയമായി പരബ്രഹ്‌മമായരൂപമായ്‌
കർമ്മണാമഗോചരമായോരു ഭവദ്രൂപം
ത്വന്മായാവിഡംബനരചിതം മാനുഷ്യകം
മന്മഥകോടികോടിസുഭഗം കമനീയം
കാരുണ്യപൂർണ്ണനേത്രം കാർമ്മുകബാണധരം
സ്മേരസുന്ദരമുഖമജിനാംബരധരം
സീതാസംയുതം സുമിത്രാത്മജനിഷേവിത-
പാദപങ്കജം നീലനീരദകളേബരം. 320
കോമളമതിശാന്തമനന്തഗുണമഭി-
രാമമാത്മാരാമമാനന്ദസമ്പൂർണ്ണാമൃതം
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!"
വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
മന്ദഹാസവും പൂണ്ടു രാഘവനരുൾചെയ്‌തുഃ
"നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ! 330
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
ന്മന്ത്രോപാസകന്മാരായ്‌ നിരപേക്ഷന്മാരുമായ്‌
സന്തുഷ്‌ടന്മാരായുളള ഭക്തന്മാർക്കെന്നെ നിത്യം
ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ.
ത്വൽകൃതമേതൽ സ്തോത്രം മൽപ്രിയം പഠിച്ചീടും
സൽകൃതിപ്രവരനാം മർത്ത്യനു വിശേഷിച്ചും
സൽഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ-
മൽപവുമതിനില്ല സംശയം നിരൂപിച്ചാൽ.
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. 380
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യ‍നെ-
ക്കണ്ടു വന്ദിച്ചുകൊൾവാ,നെന്തതിനാവതിപ്പോൾ?
തത്രൈവ കിഞ്ചിൽക്കാലം വസ്‌തുമുണ്ടത്യാഗ്രഹ-
മെത്രയുണ്ടടുത്തതുമഗസ്ത്യ‍ാശ്രമം മുനേ!"
ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്‌ണനു-
"മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാൻ
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാൾ.
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെൻ ഗുരുവിനെ.
പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ." 390
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
പ്രീതനാം മുനിയോടും ജാനകീദേവിയോടും
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്‌
ചെന്നിതു രാമനഗസ്ത്യ‍ാനുജാശ്രമേ ജാവം
വന്നു സൽക്കാരംചെയ്താനഗസ്ത്യ‍സഹജനും
വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷം
അഗസ്ത്യസന്ദർശനം
ഭാനുമാനുദിച്ചപ്പോളർഘ്യവും നല്‌കി മഹാ-
കാനനമാർഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. 360
സർവർത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികൾ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂർണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്‌മർഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങൾ
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. 370
ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്‌മജ്ഞന്മാരായുളേളാർ ചൊല്ലുന്നു കാണുംതോറും.
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമൻ
വിശ്രുതനായ സുതീക്ഷ്‌ണൻതന്നോ'ടിനിയിപ്പോൾ
വേഗേന ചെന്നു ഭവാനഗസ്ത്യ‍മുനീന്ദ്രനോ-
ടാഗതനായോരെന്നെയങ്ങുണർത്തിച്ചീടേണം.
ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.' 380
ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
നത്വാ തം ഗുരുവരമഗസ്ത്യ‍ം മുനികുല-
സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
രാമമന്ത്രാർത്ഥവ്യാഖ്യാതൽപരം ശിഷ്യന്മാർക്കാ-
യ്‌ക്കാമദമഗസ്ത്യ‍മാത്മാരാമം മുനീശ്വരം
ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
മാരാൽ വീണുടൻ ദണ്ഡനമസ്‌കാരവും ചെയ്താൻ.
"രാമനാം ദാശരഥി സോദരനോടും നിജ-
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോൾ. 390
നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിൻ
തൃക്കഴലിണ കണ്ടു വന്ദിപ്പാൻ ഭക്തിയോടെ."
മുമ്പേതന്നകകാമ്പിൽ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവൻ പുനരെങ്കിലുമരുൾചെയ്താൻഃ
"ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
പാർത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാൻ.
പ്രാർത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
കോമളം കാളമേഘശ്യാമളം നളിനാക്ഷം." 400
ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
രോത്തമൻ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാർത്തരുൾചെയ്താൻഃ
"ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാൽ മമ
ഭാഗ്യപൂർണ്ണത്വേന സംപ്രാപ്തനായിതു ഭവാൻ.
അദ്യവാസരം മമ സഫല,മത്രയല്ല
മത്തപസ്സാഫല്യവും വന്നിതു ജഗൽപതേ!" 410
കുംഭസംഭവൻതന്നെക്കണ്ടു രാഘവൻതാനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോൾ
കുംഭജന്മാവുമെടുത്തെഴുനേൽപിച്ചു ശീഘ്രം
ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും
ഗാത്രസ്പർശനപരമാഹ്ലാദജാതസ്രവ-
ന്നേത്രകീലാലാകുലനായ താപസവരൻ
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം 420
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
പാദ്യാർഗ്‌ഘ്യാസന മധുപർക്കമുഖ്യങ്ങളുമാ-
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാൻ
അഗസ്ത്യസ്തുതി
"നീ വരുന്നതും പാർത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാൻ
ക്ഷീരവാരിധിതീരത്തിങ്കൽനിന്നരുൾചെയ്‌തു
'ഘോരരാവണൻതന്നെക്കൊന്നു ഞാൻ ഭൂമണ്ഡല- 480
ഭാരാപഹരണം ചെയ്‌തീടുവനെ'ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടൽ കണ്ടുകൊൾവാൻ.
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാൻ.
ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്‌
ലോകകാരണൻ വികൽപോപാധിവിരഹിതൻ
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ 440
നിർഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു
തൽഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
നിർവ്യാജം വേദാന്തികൾ ചൊല്ലുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാൽ.
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
നിന്നാൽ സംക്ഷോഭ്യമാണയാകിയ മായതന്നിൽ-
നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊൽവൂ. 450
നിന്നുടെ നിയോഗത്താൽ മഹത്തത്ത്വത്തിങ്കലേ-
നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ്‌ ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
താമസത്തിങ്കൽനിന്നു സൂക്ഷ്‌മതന്മാത്രകളും
ഭൂമിപൂർവകസ്ഥൂലപഞ്ചഭൂതവും പിന്നെ
രാജസത്തിങ്കൽനിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ 460
സാത്വികത്തിങ്കൽനിന്നു മനസ്സുമുണ്ടായ്‌വന്നു;
സൂത്രരൂപകം ലിംഗമിവറ്റിൽനിന്നുണ്ടായി.
സർവത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കൽനിന്നു
ദിവ്യനാം വിരാൾപുമാനുണ്ടായിതെന്നു കേൾപ്പൂ.
അങ്ങനെയുളള വിരാൾപുരുഷൻതന്നെയല്ലോ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
ദേവമാനുഷതിര്യഗ്യോനിജാതികൾ ബഹു-
സ്ഥാവരജംഗമൗഘപൂർണ്ണമായുണ്ടായ്‌വന്നു.
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470
ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി,
സത്ത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്‌ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
ബുദ്ധിജാദികളായ വൃത്തികൾ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രൽസ്വപ്‌നവും സുഷുപ്‌തിയും.
ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയൻ ഭവാൻ
നിവൃത്തൻ നിത്യനേകനവ്യയനല്ലോ നാഥ!
യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാൻ
മോദമോടപ്പോളംഗീകരിച്ചു മായതന്നെ. 480
തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാൻ
ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ,
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
വിദ്യയെന്നല്ലോ ചൊൽവൂ നിവൃത്തിനിരതന്മാർ
അവിദ്യാവശന്മാരായ്‌ വർത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
വേദാന്തവാക്യാർത്ഥവേദികളായ്‌ സമന്മാരായ്‌
പാദഭക്തന്മാരായുളളവർ വിദ്യാത്മകന്മാർ.
അവിദ്യാവശഗന്മാർ നിത്യസംസാരികളെ-
ന്നവശ്യം തത്ത്വജ്ഞന്മാർ ചൊല്ലുന്നു നിരന്തരം. 490
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാർ.
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാർക്കു
നിർമ്മലയായ വിദ്യ താനേ സംഭവിച്ചീടും.
മറ്റുളള മൂഢന്മാർക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്ല നൂറായിരം ജന്മങ്ങൾ കഴിഞ്ഞാലും.
ആകയാൽ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
രേകാന്തമുക്തന്മാരില്ലേതും സംശയമോർത്താൽ.
ത്വഭക്തിസുധാഹീനന്മാരായുളളവർക്കെല്ലാം
സ്വപ്‌നത്തിൽപ്പോലും മോക്ഷം സംഭവിക്കയുമില്ല. 500
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂർത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കിൽ സാരം കിഞ്ചിൽ ചൊല്ലുവൻ ധരാപതേ!
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാർ ചൊല്ലീടുന്നു.
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്‌
നിസ്‌പൃഹന്മാരായ്‌ വിഗതൈഷണന്മാരായ്‌ സദാ
ത്വത്ഭക്തന്മാരായ്‌ നിവൃത്താഖിലകാമന്മാരായ്‌ 510
ഇഷ്‌ടാനിഷ്‌ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്‌
നഷ്‌ടസംഗന്മാരുമായ്‌ സന്യസ്തകർമ്മാക്കളായ്‌
തുഷ്‌ടമാനസന്മാരായ്‌ ബ്രഹ്‌മതൽപ്പരന്മാരായ്‌
ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം
യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്‌
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
ചേതസി ഭവൽകഥാശ്രവണേ രതിയുണ്ടാം.
ത്വൽകഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
ഭക്തി വർദ്ധിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്‌വരും; 520
വിജ്ഞാനജ്ഞാനാദികൾകൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാൽ ഗുരുമുഖത്തിൽനിന്നിതെല്ലാം.
ആകയാൽ ത്വൽഭക്തിയും നിങ്കലേപ്രേമവായ്‌പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
ത്വൽപാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
ന്നുൾപ്പൂവിൽ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ-
മിന്നു മൽ ക്രതുക്കളും വന്നിതു സഫലമായ്‌.
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു
ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും. 530
സീതയാ സാർദ്ധം ഹൃദി വസിക്ക സദാ ഭവാൻ
സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
നാനാകർമ്മങ്ങളനുഷ്‌ഠിക്കുമ്പോൾ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!"
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാൽ മുന്നം നിക്ഷിപ്‌തമായ ചാപം
ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും
ആനന്ദവിവശനായ്‌ പിന്നെയുമരുൾചെയ്‌താൻഃ 540
"ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാൽ
ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ.
സാക്ഷാൽ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്‌മർത്ത്യനായ്‌ പിറന്നതും.
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതിൽ
സീതയാ വസിക്ക പോയ്‌ ശേഷമുളെളാരുകാലം
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
സത്വരം ചെയ്‌കെ"ന്നുടനനുജ്ഞ നല്‌കി മുനി 
ജഡായുസംഗമം
ശ്രുത്വൈതൽ സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം
തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടൻ നമസ്‌കരിച്ചഗസ്ത്യ‍പാദാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
എത്രയും വളർന്നൊരു വിസ്‌മയംപൂണ്ടു രാമൻ
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻഃ 560
"രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ."
ലക്ഷ്‌മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാൻഃ
"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവൻ;
ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാൻ." 570
എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
നന്നായാശ്ലേഷംചെയ്‌തു നൽകിനാനനുഗ്രഹംഃ
"എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
കിങ്കരപ്രവരനായ്‌ വാഴുക മേലിൽ ഭവാൻ."
പഞ്ചവടീപ്രവേശം
എന്നരുൾചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പർണ്ണശാലയും തീർത്തു ലക്ഷ്‌മണൻ മനോജ്ഞമായ്‌
പർണ്ണപുഷ്പങ്ങൾകൊണ്ടു തൽപവുമുണ്ടാക്കിനാൻ. 580
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
ഷോത്തമൻ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവർജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ.
ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാർത്ഥമായ്‌ നിന്നീടും ഭക്തിയോടെ. 590
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നിൽ കുളിച്ചർഗ്‌ഘ്യവും കഴിച്ചുടൻ
പോരുമ്പോൾ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.

No comments:

Post a Comment