Saturday, July 27, 2013

സീതാന്വേഷണം
രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
രാഗമക്കാതലായ രാഘവൻതിരുവടി.
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകൻവരവീഷദ്ദൂരവേ കാണായ്‌വന്നു. 1500
ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-
മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.
"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ 1510
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-
ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ
കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം.
പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-
യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും 1520
ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ
പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ
നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻഃ
"പർണ്ണശാലയിൽ സീതയ്‌ക്കാരൊരു തുണയുളളൂ?
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
കണ്ടകജാതികൾക്കെന്തോന്നരുതാത്തതോർത്താൽ?" 1530
അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണൻതാനു-
മഗ്രേ നിന്നുടനുടൻ തൊഴുതു വിവശനായ്‌
ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ
ദുർഗ്രഹവചനങ്ങൾ ബാഷ്പവും തൂകിത്തൂകി.
"ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ
ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു
മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാൽ
അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്‌തു. 1540
'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
രാക്ഷസനുടെ മായാഭാഷിതമിതു നൂനം
കാൽക്ഷണം പൊറുക്കെ'ന്നു ഞാൻ പലവുരു ചൊന്നേൻ.
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-
ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ
നിന്തിരുമുമ്പിൽനിന്നു ചൊല്ലുവാൻ പണിയെന്നാൽ
സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു
ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ്‌
നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ." 1550
"എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?
യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?
രക്ഷസാം പരിഷകൾ കൊണ്ടുപൊയ്‌ക്കളകയോ
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല."
ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ-
ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാൻ
നിഷ്‌കളനാത്മാരാമൻ നിർഗ്ഗുണനാത്മാനന്ദൻ. 1560
"ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മൽപ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ."
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തൽപൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്‌
"വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
മൃഗലോചനയായ ജനകപുത്രിതന്നേ? 1570
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
സർവദൃക്‌ സർവേശ്വരൻ സർവജ്ഞൻ സർവാത്മാവാം
സർവകാരണനേകനചലൻ പരിപൂർണ്ണൻ
നിർമ്മലൻ നിരാകാരൻ നിരഹംകാരൻ നിത്യൻ
ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ. 1580
മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്‌.
തത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാൽ.

ജഡായുഗതി
ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോൾ
തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയിൽ.
ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന-
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാർഗ്ഗം.
അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമൻഃ
"ഭിന്നമായോരു രഥം കാൺകെടോ കുമാര! നീ. 1590
തന്വംഗിതന്നെയൊരു രാക്ഷസൻ കൊണ്ടുപോമ്പോ-
ളന്യരാക്ഷസനവനോടു പോർചെയ്തീടിനാൻ.
അന്നേരമഴിഞ്ഞ തേർക്കോപ്പിതാ കിടക്കുന്നു
എന്നു വന്നീടാമവർ കൊന്നാരോ ഭക്ഷിച്ചാരോ?"
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോൾ
ഘോരമായൊരു രൂപം കാണായി ഭയാനകം.
"ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?
കൊല്ലുവേനിവനെ ഞാൻ വൈകാതെ ബാണങ്ങളും
വില്ലുമിങ്ങാശു തന്നീടെ"ന്നതു കേട്ടനേരം 1600
വിത്രസ്തഹൃദയനായ്പക്ഷിരാജനും ചൊന്നാൻഃ
"വദ്ധ്യനല്ലഹം തവ ഭക്തനായോരു ദാസൻ
മിത്രമെത്രയും തവ താതനു വിശേഷിച്ചും
സ്നിഗ്‌ദ്ധനായിരിപ്പൊരു പക്ഷിയാം ജടായു ഞാൻ.
ദുഷ്‌ടനാം ദശമുഖൻ നിന്നുടെ പത്നിതന്നെ-
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാൻ
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്‌തു
മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോൾ
വെട്ടിനാൻ ചന്ദ്രഹാസംകൊണ്ടവൻ ഞാനുമപ്പോൾ
പുഷ്ടവേദനയോടും ഭൂമിയിൽ വീണേനല്ലോ. 1610
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ-
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേൻ.
തൃക്കൺപാർക്കേണമെന്നെക്കൃപയാ കൃപാനിധേ!
തൃക്കഴലിണ നിത്യമുൾക്കാമ്പിൽ വസിക്കേണം."
ഇത്തരം ജടായുതൻ വാക്കുകൾ കേട്ടു നാഥൻ
ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തൻ-
തൃക്കൈകൾകൊണ്ടു തലോടീടിനാനവനുടൽ
ദുഖാശ്രുപ്ലുതനയനത്തോടും രാമചന്ദ്രൻ.
"ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃത്താന്തം നീ"-
യെല്ലാമെന്നതു കേട്ടു ചൊല്ലിനാൻ ജടായുവുംഃ 1620
"രക്ഷോനായകനായ രാവണൻ ദേവിതന്നെ-
ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
നല്ലതു വരുവതിനായനുഗ്രഹിക്കേണം.
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം
വന്നതു ഭവൽ കൃപാപാത്രമാകയാലഹം
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!
നിന്തിരുവടി സാക്ഷാൽ ശ്രീമഹാവിഷ്‌ണു പരാ-
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 1630
സന്തതമന്തർഭാഗേ വസിച്ചീടുകവേണം.
നിന്തിരുമേനി ഘനശ്യാമളമഭിരാമം.
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം
ബന്ധവുമറ്റു മുക്തനായേൻ ഞാനെന്നു നൂനം.
ബന്ധുഭാവേന ദാസനാകിയോരടിയനെ-
ബന്ധൂകസുമസമതൃക്കരതലം തന്നാൽ
ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാൽ
നിന്തിരുമലരടിയോടു ചേർന്നീടാമല്ലോ."
ഇന്ദിരാപതിയതു കേട്ടുടൻ തലോടിനാൻ
മന്ദമന്ദം പൂർണ്ണാത്മാനന്ദം വന്നീടുംവണ്ണം. 1640
അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും
മന്നിടംതന്നിൽ വീണനേരത്തു രഘുവരൻ
കണ്ണുനീർ വാർത്തു ഭക്തവാത്സല്യപരവശാ-
ലർണ്ണോജനേത്രൻ പിതൃമിത്രമാം പക്ഷീന്ദ്രന്റെ
ഉത്തമാംഗത്തെയെടുത്തുത്സംഗസീംനി ചേർത്തി-
ട്ടുത്തരകാര്യാർത്ഥമായ്‌ സോദരനോടു ചൊന്നാൻഃ
"കാഷ്‌ഠങ്ങൾ കൊണ്ടുവന്നു നല്ലൊരു ചിത തീർത്തു
കൂട്ടണമഗ്നിസംസ്‌കാരത്തിനു വൈകീടാതെ."
ലക്ഷ്മണനതുകേട്ടു ചിതയും തീർത്തീടിനാൻ
തൽക്ഷണം കുളിച്ചു സംസ്‌കാരവുംചെയ്‌തു പിന്നെ 1650
സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്‌തു
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
പുല്ലിന്മേൽവച്ചു ജലാദികളും നല്‌കീടിനാൻ
നല്ലൊരു ഗതിയവനുണ്ടാവാൻ പിത്രർത്ഥമായ്‌.
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും
പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ്‌ ഭവിച്ചാലും.
കാരുണ്യമൂർത്തി കമലേക്ഷണൻ മധുവൈരി-
സാരൂപ്യം ഭവിക്കെന്നു സാദരമരുൾചെയ്‌തു.
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു-
സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 1660
ശംഖാരിഗദാപത്മമകുടപീതാംബരാ-
ദ്യങ്കിതരൂപംപൂണ്ട വിഷ്‌ണുപാർഷദന്മാരാൽ
പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാൽ
തേജസാ സകലദിഗ്വ്യ‍ാപ്തനായ്‌ക്കാണായ്‌ വന്നു.
സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു-
തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താൻ

ജഡായുസ്തുതി
"അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോസ്‌മി സന്തതം രാമം. 1670
മഹിതകടാക്ഷവിക്ഷപിതാമരശൂചം
രഹിതാവധിസുഖമിന്ദിരാമനോഹരം
ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-
കോമളകരാംബുജം പ്രണതോസ്മ്യ‍ഹം രാമം.
ഭൂവനകമനീയരൂപമീഡിതം ശത-
രവിഭാസുരമഭീഷ്‌ടപ്രദം ശരണദം
സുരപാദപമൂലരചിതനിലയനം
സുരസഞ്ചയസേവ്യം പ്രണതോസ്മ്യ‍ഹം രാമം.
ഭവകാനനദവദഹനനാമധേയം
ഭവപങ്കജഭവമുഖദൈവതം ദേവം 1680
ദനുജപതികോടി സഹസ്രവിനാശനം
മനുജാകാരം ഹരിം പ്രണതോസ്മ്യ‍ഹം രാമം.
ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം
ഭവഭീവിരഹിതം മുനിസേവിതം പരം
ഭവസാഗരതരണാംഘൃപോതകം നിത്യം
ഭവനാശായാനിശം പ്രണതോസ്മ്യ‍ഹം രാമം.
ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം
സുരസഞ്ചയദനുജേന്ദ്രസേവിതപാദം
സുരപമണിനിഭം പ്രണതോസ്മ്യ‍ഹം രാമം. 1690
പരദാരാർത്ഥപരിവർജ്ജിതമനീഷിണാം
പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം
പരലോകൈകഹിതനിരതാത്മനാം സേവ്യം
പരമാനന്ദമയം പ്രണതോസ്മ്യ‍ഹം രാമം.
സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം
സ്മൃതിഗോചരമസിതാംബുദകളേബരം
സിതപങ്കജചാരുനയനം രഘുവരം
ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യ‍ഹം രാമം.
ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
സകലചരാചരജന്തുക്കളുളളിൽ വാഴും 1700
പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും
പരമം പരാപരം പ്രണതോസ്മ്യ‍ഹം രാമം.
വിധിമാധവ ശംഭുരൂപഭേദേന ഗുണ-
ത്രിതയവിരാജിതം കേവലം വിരാജന്തം
ത്രിദശമുനിജനസ്തുതമവ്യക്തമജം
ക്ഷിതിജാമനോഹരം പ്രണതോസ്മ്യ‍ഹം രാമം.
മന്മഥശതകോടി സുന്ദരകളേബരം
ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം
നിർമ്മമമാത്മാരാമം പ്രണതോസ്മ്യ‍ഹം രാമം." 1710
ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌
പത്രീന്ദ്രൻതന്നോടരുളിച്ചെയ്തു മധുരമായ്‌ഃ
"അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം
ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ
ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം
പക്ഷീന്ദ്ര! നിന്നെപ്പോലെ മൽപരായണനായാൽ."
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-
നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌
ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ
നിർമ്മലരാമനാമം ചൊല്ലുന്ന ജനംപോലെ.

കബന്ധഗതി
പിന്നെ ശ്രീരാമൻ സുമിത്രാത്മജനോടും കൂടി
ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാൽ
സന്നധൈര്യേണ വനമാർഗ്ഗേ സഞ്ചരിക്കുമ്പോൾ
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തൽക്ഷണമേവം രാമചന്ദ്രനുമരുൾചെയ്‌താൻഃ
"വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും. 1730
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
രക്ഷസ്സു പിടിച്ചുടൻ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാൽ.
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കൽപിതം ധാതാവിനാലെന്തെന്നാലതു വരും."
രാഘവനേവം പറഞ്ഞീടിനോരനന്തര-
മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താൻഃ
"പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
നോരോരോ കരം ഛേദിക്കേണം നാമിരുവരും." 1740
തൽക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമൻ
ലക്ഷ്‌മണൻ വാമകരം ഛേദിച്ചാനതുനേരം
രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാൻ ഭയത്തോടെഃ
"മത്ഭുജങ്ങളെച്ഛേദിച്ചീടുവാൻ ശക്തന്മാരാ-
യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിൻകീഴിൽ.
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
സൽപുരുഷന്മാരെന്നു കൽപിച്ചീടുന്നേൻ ഞാനും.
ഘോരകാനനപ്രദേശത്തിങ്കൽ വരുവാനും
കാരണമെന്തു നിങ്ങൾ സത്യം ചൊല്ലുകവേണം." 1750
ഇത്തരം കബന്ധവാക്യങ്ങൾ കേട്ടൊരു പുരു-
ഷോത്തമൻ ചിരിച്ചുടനുത്തരമരുൾചെയ്‌തുഃ
"കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.
സോദരനിവൻ മമ ലക്ഷ്‌മണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
പോയിതു ഞങ്ങൾ നായാട്ടിന്നതുനേരമതി-
മായാവി നിശാചരൻ കട്ടുകൊണ്ടങ്ങുപോയാൻ.
കാനനംതോറും ഞങ്ങൾ തിരഞ്ഞുനടക്കുമ്പോൾ
കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760
പാണികൾകൊണ്ടു തവ വേഷ്‌ടിതന്മാരാകയാൽ
പ്രാണരക്ഷാർത്ഥം ഛേദിച്ചീടിനേൻ കരങ്ങളും.
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാൻ?
നേരോടെ പറകെ"ന്നു രാഘവൻ ചോദിച്ചപ്പോൾ
സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാൻ കബന്ധനുംഃ
"നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കിൽ
ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്‌.
ദിവ്യനായിരുപ്പോരു ഗന്ധർവനഹം രൂപ-
യൗവനദർപ്പിതനായ്‌ സഞ്ചരിച്ചീടുംകാലം 1770
സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
സുന്ദരനായോരു ഞാൻ ക്രീഡിച്ചുനടക്കുമ്പോൾ
അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാൻ.
ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാൻ
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാൻ.
സാക്ഷാൽ ശ്രീനാരായണൻ തന്തിരുവടിതന്നെ
മോക്ഷദൻ ദശരഥപുത്രനായ്‌ ത്രേതായുഗേ
വന്നവതരിച്ചു നിൻ ബാഹുക്കളറുക്കുന്നാൾ
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ! 1780
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാൻ
താപേന നടന്നീടുംകാലമങ്ങൊരുദിനം
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാൽ തലയറുത്തു ശതമഖൻ.
വജ്രമേറ്റിട്ടും മമ വന്നീല മരണമ-
തബ്‌ജസംഭവൻ മമ തന്നൊരു വരത്തിനാൽ.
വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-
മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാൻ.
വക്ത്രപാദങ്ങൾ മമ കുക്ഷിയിലായശേഷം
ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്‌. 1790
വർത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാൽ
വക്ത്രേണ ഭക്ഷിച്ചു ഞാൻ വർത്തിച്ചേനിത്രനാളു-
മുത്തമോത്തമ! രഘുനായക! ദയാനിധേ!
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാൽ
പിന്നെ ഞാൻ ഭാര്യാമാർഗ്ഗമൊക്കവെ ചൊല്ലീടുവൻ."
മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
തദ്ദേഹത്തിങ്കൽനിന്നങ്ങുത്ഥിതനായ്‌ക്കാണായി 1800
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്‌
സർവഭൂഷണപരിഭൂഷിതനായന്നേരം
രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ
ഭൂമിയിൽ സാഷ്‌ടാംഗമായ്‌വീണുടൻ നമസ്‌കാരം
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
മാന്യനാം ഗന്ധർവനുമാനന്ദവിവശനായ്‌
കോൾമയിർക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികളാം
കോമളപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻ

കബന്ധസ്തുതി
"നിന്തിരുവടിയുടെ തത്ത്വമിതൊരുവർക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും 1810
നിന്തിരുവടിതന്നെ സ്തുതിപ്പാൻ തോന്നീടുന്നു
സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-
മന്തരാത്മനി തെളിഞ്ഞുണർന്നു വസിക്കേണം.
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
ദൃഗ്രുപമേക,മന്യൻ സകലദൃശ്യം ജഡം
ദുർഗ്രാഹ്യമതാന്മകമാകയാലജ്ഞാനികൾ 1820
എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!
ബുദ്ധ്യാത്മാഭാസങ്ങൾക്കുളൈളക്യമായതു ജീവൻ
ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.
നിർവികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ
നിർവിഷയാഖ്യേ ലോകമജ്ഞാനമോഹവശാൽ
ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം
ഹൈരണ്യമതു വിരാൾപുരുഷനതിസ്ഥൂലം.
ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം. 1830
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
ബ്രഹ്‌മാണ്ഡകോശവിരാൾപുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങൾ പതിന്നാലും.
തുംഗനാം വിരാൾപുമാനാകിയ ഭഗവാൻ ത-
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
പാതാളം പാദമൂലം പാർഷ്ണികൾ മഹാതലം
നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം
ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങൾ തവ വിതലമതലവും 1840
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
കണ്‌ഠദേശം തേ മഹർലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
ശംഖദേശം തേ തപോലോകമിങ്ങതിൻമീതേ
പങ്കജയോനിവാസമാകിയ സത്യലോകം
ഉത്തമാംഗം തേ പുരുഷോത്തമ! ജഗൽപ്രഭോ!
സത്താമാത്രക! മേഘജാലങ്ങൾ കേശങ്ങളും.
ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങൾ തേ
ദിക്കുകൾ കർണ്ണങ്ങളുമശ്വികൾ നാസികയും. 1850
വക്ത്രമായതു വഹ്നി നേത്രമാദിത്യൻതന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
കോപകാരണമഹങ്കാരമായതു രുദ്രൻ.
വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്‌ട്രകൾ യമനല്ലോ
നക്ഷത്രപങ്‌ക്തിയെല്ലാം ദ്വിജപങ്‌ക്തികളല്ലോ
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്‌ടിസ്തവാപാംഗമോക്ഷണമല്ലോ.
ധർമ്മം നിൻ പുരോഭാഗമധർമ്മം പൃഷ്‌ഠഭാഗം
ഉന്മേഷനിമേഷങ്ങൾ ദിനരാത്രികളല്ലോ. 1860
സപ്തസാഗരങ്ങൾ നിൻ കുക്ഷിദേശങ്ങളല്ലോ
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
നദികളെല്ലാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങൾപോലസ്ഥികളാകുന്നതും.
വൃക്ഷാദ്യൗഷധങ്ങൾ തേ രോമങ്ങളാകുന്നതും
ത്യ്‌രക്ഷനാം ദേവൻതന്നെ ഹൃദയമാകുന്നതും.
വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
സ്ഥൂലമായുളള വിരാൾപുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 1870
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേൻ.
ഇക്കാലമിതിൽക്കാളും മുഖ്യമായിരിപ്പോന്നി-
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
താപസവേഷം ധരാവല്ലഭം ശാന്താകാരം
ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേൻ
ഭാനുവംശോൽഭൂതനാം ഭഗവൻ! നമോനമഃ 1880
സർവജ്ഞൻ മഹേശ്വരനീശ്വരൻ മഹാദേവൻ
ശർവനവ്യയൻ പരമേശ്വരിയോടുംകൂടി
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
സന്തതമിരുന്നരുളീടുന്നു മുക്ത്യർത്ഥമായ്‌.
തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങൾക്കു
തത്വബോധാർത്ഥം നിത്യം താരകബ്രഹ്‌മവാക്യം
രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-
സ്സോമനാം നാഥൻ വസിച്ചീടുന്നു സദാകാലം.
പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ 1890
മൂഢന്മാർ ഭവത്തത്വമെങ്ങനെയറിയുന്നു!
മൂടിപ്പോകയാൽ മഹാമായാമോഹാന്ധകാരേ?
രാമഭദ്രായ പരമാത്മനേ നമോനമഃ
രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
ഇർത്ഥമർത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധർവനോ-
ടുത്തമപുരുഷനാം ദേവനുമരുൾചെയ്‌തുഃ 1900
"സന്തുഷ്‌ടനായേൻ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധർവശ്രേഷ്‌ഠ! ഭവാൻ മൽപദം പ്രാപിച്ചാലും.
സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
മാനന്ദം പ്രാപിക്ക നീ മൽപ്രസാദത്താലെടോ!
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പൻ ഞാ-
നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങൾക്കും
മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
ഭക്തനാം നിനക്കധഃപതനമിനി വരാ."
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധർവശ്രേഷ്‌ഠൻ
മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാൻഃ 1910
"മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
ത്വൽപാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്‌
അവളെച്ചെന്നു കണ്ടാൽ വൃത്താന്തം ചൊല്ലുമവ-
ളവനീസുതതന്നെ ലഭിക്കും നിങ്ങൾക്കെന്നാൽ."

ശബര്യാശ്രമപ്രവേശം
ഗന്ധർവനേവം ചൊല്ലി മറഞ്ഞോരനന്തരം
സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും
ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു
ചാരുത ചേർന്ന ശബര്യാശ്രമമകംപുക്കാർ. 1920
സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കൽ.
സന്തോഷപൂർണ്ണാശ്രുനേത്രങ്ങളോടവളുമാ-
നന്ദമുൾക്കൊണ്ടു പാദ്യാർഗ്‌ഘ്യാസനാദികളാലേ
പൂജിച്ചു തൽപാദതീർത്ഥാഭിഷേകവുംചെയ്‌തു
ഭോജനത്തിനു ഫലമൂലങ്ങൾ നൽകീടിനാൾ.
പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു
രാജീവനേത്രന്മാരാം രാജനന്ദനന്മാരും.
അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവൾഃ
"ധന്യയായ്‌ വന്നേനഹമിന്നു പുണ്യാതിരേകാൽ. 1930
എന്നുടെ ഗുരുഭൂതന്മാരായ മുനിജനം
നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാർ.
അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു
പിന്നെപ്പോയ്‌ ബ്രഹ്‌മപദം പ്രാപിച്ചാരവർകളും.
എന്നോടു ചൊന്നാരവ'രേതുമേ ഖേദിയാതെ
ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.
പന്നഗശായി പരൻപുരുഷൻ പരമാത്മാ
വന്നവതരിച്ചിതു രാക്ഷസവധാർത്ഥമായ്‌.
നമ്മെയും ധർമ്മത്തെയും രക്ഷിച്ചുകൊൾവാനിപ്പോൾ
നിർമ്മലൻ ചിത്രകൂടത്തിങ്കൽ വന്നിരിക്കുന്നു. 1940
വന്നീടുമിവിടേക്കു രാഘവനെന്നാലവൻ-
തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.
വന്നീടുമെന്നാൽ മോക്ഷം നിനക്കുമെന്നു നൂനം'
വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ.
നിന്തിരുവടിയുടെ വരവും പാർത്തുപാർത്തു
നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാൻ.
ശ്രീപാദം കണ്ടുകൊൾവാൻ മൽഗുരുഭൂതന്മാരാം
താപസന്മാർക്കുപോലും യോഗം വന്നീലയല്ലോ.
ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ. 1950
വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം
കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം.
തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊൾവാനുമി-
ങ്ങുൾക്കമലത്തിലറിയപ്പോകാ ദയാനിധേ!"
രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-
"നാകുലംകൂടാതെ ഞാൻ പറയുന്നതു കേൾ നീ.
പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്ത്രയേ.
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും. 1960
തീർത്ഥസ്നാനാദി തപോദാനവേദാദ്ധ്യയന-
ക്ഷേത്രോപവാസയാഗാദ്യഖിലകർമ്മങ്ങളാൽ
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-
യെന്നെ മൽഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.
ഭക്തിസാധനം സംക്ഷേപിച്ചു ഞാൻ ചൊല്ലീടുവേ-
നുത്തമേ! കേട്ടുകൊൾക മുക്തിവന്നീടുവാനായ്‌.
മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ
മൽക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും
മൽഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം
മൽക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970
പുണ്യശീലത്വം യമനിയമാദികളോടു-
മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,
മന്മന്ത്രോപാസകത്വമേഴാമ,തെട്ടാമതും
മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ
സർവഭൂതങ്ങളിലും മന്മതിയുണ്ടാകയും
സർവദാ മൽഭക്തന്മാരിൽ പരമാസ്തിക്യവും
സർവബാഹ്യാർത്ഥങ്ങളിൽ വൈരാഗ്യം ഭവിക്കയും
സർവലോകാത്മാ ഞാനെന്നെപ്പോഴുമുറയ്‌ക്കയും,
മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ!
ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം. 1980
ഉക്തമായിതു ഭക്തിസാധനം നവവിധ-
മുത്തമേ! ഭക്തി നിത്യമാർക്കുളളു വിചാരിച്ചാൽ?
തിര്യഗ്യോനിജങ്ങൾക്കെന്നാകിലും മൂഢമാരാം
നാരികൾക്കെന്നാകിലും പൂരുഷനെന്നാകിലും
പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോൾ
വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ടാം.
തത്ത്വാനുഭവസിദ്ധനായാൽ മുക്തിയും വരും.
തത്ര ജന്മനി മർത്ത്യനുത്തമതപോധനേ!
ആകയാൽ മോക്ഷത്തിനു കാരണം ഭക്തിതന്നെ
ഭാഗവതാഢ്യേ! ഭഗവൽപ്രിയേ! മുനിപ്രിയേ! 1990
ഭക്തിയുണ്ടാകകൊണ്ടു കാണായ്‌വന്നിതു തവ
മുക്തിയുമടുത്തിതു നിനക്കു തപോധനേ!
ജാനകീമാർഗ്ഗമറിഞ്ഞീടിൽ നീ പറയേണം
കേന വാ നീതാ സീതാ മൽപ്രിയാ മനോഹരി?"
രാഘവവാക്യമേവം കേട്ടോരു ശബരിയു-
മാകുലമകലുമാറാദരാലുരചെയ്താൾഃ
"സർവവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി
സർവജ്ഞനെന്നാകിലും ലോകാനുസരണാർത്ഥം
ചോദിച്ചമൂലം പറഞ്ഞീടുവേൻ സീതാദേവി
ഖേദിച്ചു ലങ്കാപുരിതന്നിൽ വാഴുന്നു നൂനം. 2000
കൊണ്ടുപോയതു ദശകണ്‌ഠനെന്നറിഞ്ഞാലും
കണ്ടിതു ദിവ്യദൃശാ തണ്ടലർമകളെ ഞാൻ.
മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാൽ
പമ്പയാം സരസ്സിനെക്കാണാം, തൽപുരോഭാഗേ
പശ്യ പർവ്വതവരമൃശ്യമൂകാഖ്യം, തത്ര
വിശ്വസിച്ചിരിക്കുന്നു സുഗ്രീവൻ കപിശ്രേഷ്‌ഠൻ
നാലുമന്ത്രികളോടുംകൂടെ മാർത്താണ്ഡാത്മജൻ;
ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം;
ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ.
പാലനംചെയ്‌ത ഭവാനവനെ വഴിപോലെ. 2010
സഖ്യവും ചെയ്‌തുകൊൾക സുഗ്രീവൻതന്നോടെന്നാൽ
ദുഃഖങ്ങളെല്ലാം തീർന്നു കാര്യവും സാധിച്ചീടും.
എങ്കിൽ ഞാനഗ്നിപ്രവേശംചെയ്‌തു ഭവൽപാദ-
പങ്കജത്തോടു ചേർന്നുകൊളളുവാൻ തുടങ്ങുന്നു.
പാർക്കേണം മുഹൂർത്തമാത്രം ഭവാനത്രൈവ മേ
തീർക്കേണം മായാകൃതബന്ധനം ദയാനിധേ!"
ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്‌തു
മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം.
ഭക്തവത്സലൻ പ്രസാദിക്കിലിന്നവർക്കെന്നി-
ല്ലെത്തീടും മുക്തി നീചജാതികൾക്കെന്നാകിലും. 2020
പുഷ്‌കരനേത്രൻ പ്രസാദിക്കിലോ ജന്തുക്കൾക്കു
ദുഷ്‌കരമായിട്ടൊന്നുമില്ലെന്നു ധരിക്കേണം.
ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും
ശ്രീരാമപാദാംബുജം സേവിച്ചുകൊൾക നിത്യം.
ഓരോരോ മന്ത്രതന്ത്രധ്യാനകർമ്മാദികളും
ദൂരെസ്സന്ത്യജിച്ചു തൻഗുരുനാഥോപദേശാൽ
ശ്രീരാമചന്ദ്രൻതന്നെ ധ്യാനിച്ചുകൊൾക നിത്യം
ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം.
ശ്രീരാമചന്ദ്രകഥ കേൾക്കയും ചൊല്ലുകയും
ശ്രീരാമഭക്തന്മാരെപ്പൂജിച്ചുകൊളളുകയും. 2030
ശ്രീരാമമയം ജഗത്സർവമെന്നുറയ്‌ക്കുമ്പോൾ
ശ്രീരാമചന്ദ്രൻതന്നോടൈക്യവും പ്രാപിച്ചീടാം.
രാമ! രാമേതി ജപിച്ചീടുക സദാകാലം
ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ!
ഇത്ഥമീശ്വരൻ പരമേശ്വരിയോടു രാമ-
ഭദ്രവൃത്താന്തമരുൾചെയ്തതു കേട്ടനേരം
ഭക്തികൊണ്ടേറ്റം പരവശയായ്‌ ശ്രീരാമങ്കൽ
ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും.
പൈങ്കിളിപ്പൈതൽതാനും പരമാനന്ദംപൂണ്ടു
ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാൾ.

(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം സമാപ്‌തം)

No comments:

Post a Comment