Wednesday, July 31, 2013

സുന്ദരകാണ്ഡം
ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു
സമുദ്രലംഘനം
ലവണജലനിധിശതകയോ ജനാവിസ്തൃതം
ലംഘിച്ചുലങ്കയിൽ ചെല്ലുവാൻ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബല സഹിതമുരചെയ്തിതു
കണ്ടുകൊൾവിൻ നിങ്ങളെങ്കിലെല്ലാവരും
മമജനകസദൃശനഹ മതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
അജതനയതനയശരസമമധിക സാഹസാ-
ലദൈവപശ്യാമിരാമപത്നീമഹം
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാർത്ഥനായേൻ കൃതാർത്ഥോസ്മ്യഹം
പ്രണതജനബഹുജനനമരണ ഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവൻ
ജനിമരണജലനിധിയെ വിരവൊടുകടക്കുമ-
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടു ശിരസി മേ
കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങൾ
കീശപ്രവരരേ! ഖേദിയായ്കേതുമേ
ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തി കരങ്ങളും
അതിവിപുല ഗളതലവുമാർജ്ജവമാക്കിനി-
നാകുഞ്ചിയ്താംഘ്രിയായൂദ്ധ്വനയനനായ്
ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ
മാർഗ്ഗവിഘ്നം പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയ ബലവേഗങ്ങ-
ളാലോക്യ ചൊന്നാർ പരീക്ഷണാർത്ഥം തദാ
സുരസയൊടു പവനസുഖഗതി മുടക്കുവാൻ
തൂർണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി-
സൂക്ഷ്മദൃശ്യാ വരികെന്നതു കേട്ടവൾ
ഗഗനപഥി പവനസുത ജവഗതി മുടക്കുവാൻ
ഗർവ്വേണ ചെന്നു തത്സന്നിധൌ മേവിനാൾ
കഠിനതരമലറിയവളവനൊടുര ചെയ്തിതു
“കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവർകളെ
ഭക്ഷിപ്പതിന്നുമാം കൽപ്പിച്ചതീശ്വരൻ
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോർക്ക നീ
മമവദന കുഹരമതിൽ വിരവിനൊടു പൂക നീ
മറ്റൊന്നുമോർത്തു കാലം കളയാകെടോ!”
സരസമിതി രഭസതരമതനു സുരസാഗിരം
സാഹസാൽ കേട്ടനിലാത്മജൻ ചൊല്ലിനാൻ:
“അഹമഖിലജഗദധിപനമ ഗുരുശാസനാ-
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയിൽ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ
ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാൻ
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുൾക്കൊണ്ടു വന്നു പുക്കീടുവൻ
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-
മാശു മാർഗ്ഗം ദേഹി ദേവീ നമോസ്തുതേ”
തദനു കപികുലവരനൊടവളുമുര ചെയ്തിതു
“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ”
“മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളർന്നീടെ”ന്നു മാരുതി ചൊല്ലിനാൻ
അതിവിപുലമുടലുമൊരു യോജനായാമമാ-
യാശുഗ നന്ദനൻ നിന്നതു കണ്ടവൾ
അതിലധികതര വദന വിവരമൊടനാകുല-
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
പവനതനയനുമതിനു ഝടിതി ദശയോജന
പരിമിതി കലർന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജനവായുവുമായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതുയോജനവണമായ് മേവിനാൻ
അലമലമിത്യമമലനരുതു ജയമാർക്കുമെ-
ന്നൻപതുയോജന വാ പിളർന്നീടിനാൾ
അതുപൊഴുതു പവനസുതനതി കൃശശരീരനാ-
യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ
തദനുലഘുതരമവനുമുരുതരതപോ ബലാൽ
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ:
“ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!”
പ്ലവഗപരിവൃഢവചന നിശമനദശാന്തരേ
പേർത്തും ചിരിച്ചു പറഞ്ഞു സുരസയും:
“വരികതവജയമതി സുഖേനപോയ്ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ
രഘുപതിയൊടഖിലമറിയിക്ക തൽ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
അറിവതിനുതവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചുവന്നേനഹം”
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്
നിർജ്ജരലോകം ഗമിച്ചാൾ സുരസയും.
പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോൾ
ജലനിധിയുമചലവരനോടു ചൊല്ലീടിനാൻ:
“ചെന്നു നീ സൽക്കരിക്കേണം കപീന്ദ്രനെ
സഗരനരപതിതനയരെന്നെ വളർക്കയാൽ
സാഗരമെന്നുചൊല്ലുന്നിതെല്ലാവരും
തദഭിജനഭവനറിക രാമൻ തിരുവടി
തസ്യകാര്യാർത്ഥമായ് പോകുന്നതുമിവൻ
ഇടയിലൊരു പതനമവനില്ല തൽക്കാരണാ-
ലിച്ഛയാപൊങ്ങിത്തളർച്ച തീർത്തീടണം
മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാൻ
ഹിമശിഖരിതനയനഹമറിക കപിവീര! നീ-
യെന്മേലിരുന്നു തളർച്ചയും തീർക്കെടോ!
സലിലനിധി സരഭസമയയ്ക്കയാൽ വന്നുഞാൻ
സാദവും ദാഹവും തീർത്തുപൊയ്ക്കൊൾകെടോ!
അമൃതസമജലവുമതിമധുരമധുപൂരവു-
മാർദ്രപക്വങ്ങളും ഭക്ഷിച്ചുകൊൾക നീ”
അലമലമിതരുതരുതു രാമകാര്യാർത്ഥമാ-
യാശു പോകും വിധൌ പാർക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും
പേർത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ-
ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
വിഗതഭയമിനിവിരവൊടിന്നു ഞാൻ പോകുന്നു
ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം
പവനസുതനിവയുമുരചെയ്തു തൻ കൈകളാൽ
പർവ്വതാധീശ്വരനെത്തലോടീടിനാൻ
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാൽ
തദനു ജലനിധിയിലതിഗംഭീരദേശാലയേ
സന്തതം വാണെഴും ഛായഗ്രഹണിയും
സരിദധിപനുപരിപരിചൊടു പോകുന്നവൻ
തൻ‌നിഴലാശു പിടിച്ചു നിർത്തീടിനാൾ
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന-
തന്തരാപാർത്തുകീഴ്പോട്ടു നോക്കീടിനാൻ
അതിവിപുലതരഭയകരാഗിയെ ക്കണ്ടള-
വംഘ്രിപാതേന കൊന്നീടിനാൻ തൽക്ഷണേ
നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയിൽ വിരവോടുപോയീടുവാൻ
ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാൻ
ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു
ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും
ദശവദന നഗരമതി വിമല വിപുല സ്ഥലം
ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം
ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം
മണി കനക മയമമരപുര സദൃശമംബുധി
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
കമലമകൾ ചരിതമറിവതിന്നു ചെ-
ന്നൻപോടു കണ്ടിതു ലങ്കാനഗരം നിരുപമം
കനകവിരചിതമതിൽ കിടങ്ങും പലതരം
കണ്ടുകടപ്പാൻ പണിയെന്നു മാനസേ
പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു
പത്മനാഭൻ തന്നെ ധ്യാനിച്ചു മേവിനാൻ
നിശിതമസി നിശിചരപുരേ കൃശരൂപനായ്
നിർജ്ജനദേശേ കടപ്പനെന്നോർത്തവൻ
നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു
നിർജ്ജരവൈരിപുരം ഗമിച്ചീടിനാൻ
പ്രകൃതിചപലനുമധിക ചപലമചലം മഹൽ
പ്രാകാരവും മുറിച്ചാകാരവും മറ-
ച്ചവനിമകളടിമലരുമകതളിരിലോർത്തു കൊ‌
ണ്ടഞ്ജനാനന്ദനനഞ്ജസാ നിർഭയം.
ലങ്കാലക്ഷ്മീ മോക്ഷം
ഉടൽ കടുകിനൊടു സമമിടത്തു കാൽ മുമ്പിൽ വ-
ച്ചുള്ളിൽ കടപ്പാൻ തുടങ്ങും ദശാന്തരേ
കഥിനതരമലറിയൊരു രജനിചരി വേഷമായ്-
കാണായിതാശു ലങ്കാ ശ്രീയെയും തദാ
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം 170
അസുരസുര നര പശുമൃഗാദി ജന്തുക്കൾ മ-
റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാൾ:
“കണ്ടേനെടോ തവ ബാഹുബലം സഖേ!
വിധിവിഹിതമിതു മമ പുരൈവ ധാതാവു താൻ
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ 180
സകല ജഗധിപതി സനാതനൻ
മാധവൻ സാക്ഷാൽ മഹാവിഷ്ണുമൂർത്തി നാരായണൻ
കമലദല നയന നവനിയിലവതരിക്കു മുൾ-
ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ
ദശരഥനൃപതിതനയനായ് മമ പ്രാർത്ഥനാൽ
ത്രേതായുഗേ ധർമ്മദേവരക്ഷാർത്ഥമായ്
ജനകനൃപവരനു മകളായ് നിജമായയും
ജാതയാം പംക്തിമുഖ വിനാശത്തിനായ്
സരസിരുഹനയനനടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ 190
ദശവദനനവനിമകളെയുമപഹരിച്ചുടൻ
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാൾ
സപദി രഘുവരനൊടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാൽ
സകലദിശി കപികൾ തിരവാൻ നടക്കുന്നതിൽ
സന്നദ്ധനായ് വരുമേകൻ തവാന്തികേ
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിർണ്ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നൽകേണമനുജ്ഞയും 200
ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊൾകിൽ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
കരുണയൊടുഗതകപടമായ് നിയോഗിക്കയാൽ
കാത്തിരുന്നേനിവിടം പല കാലവും
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊൾക നീ
ലങ്കയും നിന്നാൽ ജിതയായിതിന്നെടോ!
നിഖില നിശിചര കുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ 210
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യ ലീലാവനേ പാദപസംകുലേ
നവകുസുമ ഫലസഹിത വിടപിയുത ശിംശപാ
നാമവൃക്ഷത്തിൻ ചുവട്ടിലതിശുചാ
നിശിചരികൾ നടുവിലഴലൊടുമരുവിടുന്നെടോ!
നിർമ്മല ഗാത്രിയാം ജാനകി സന്തതം
ത്വരിതമവൾ ചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാൻ
അഖില ജഗദധിപതി രഘൂത്തമൻ പാതുമാ-
മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ! 220
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയിൽ നിന്നു വാങ്ങീ മലർമങ്കയും
സീതാദർശനം
ഉദകനിധി നടുവിൽ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും
ജാതനെന്നാകിൽ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയിൽ
താനതി സൂക്ഷ്മശരീരനായ് രാത്രിയിൽ
ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണി നിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോർത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ
ഉടമയൊടു മസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാൻ
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും 240
സഹജ സുത സചിവ ബലപതികൾ ഭവനങ്ങളും
സൌവർണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധികൃതമായ് വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടൻ
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നത്മായുള്ള ശിംശപാവൃക്ഷവും 250
അതിനികടമഖില ജഗദീശ്വരി തന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ
മലിനതര ചികുരവസനം പൂണ്ടു ദീനയായ്
മൈഥിലി താൻ കൃശഗാത്രിയായെത്രയും
ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി
ഭർത്താവു തന്നെ നിനച്ചു നിനച്ചലം
നയന ജല മനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമ രാമേതി ജപിക്കയും
നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി 260
വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ
ദിവസകരകുലപതി രഘൂത്തമൻ തന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരൻ
കമലമകളഖില ജഗദീശ്വരി തന്നുടൽ
കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥോസ്മ്യഹം
ദിവസകരകുലപതി രഘൂത്തമൻ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.

രാവണന്റെ പുറപ്പാട്
ഇതിപലവുമക തളിരിലോർത്ത കപിവര
നിത്തിരി നേരമിരിക്കും ദശാന്തരേ 270
അസുരകുലവര നിലയനത്തിൻ പുറത്തുനി-
ന്നാശു ചില ഘോഷശബ്ദങ്ങൾ കേൾക്കായി
കിമിദമിതി സപദി കിസലയച നിലീനനാ-
യ്ക്കീടവദ്ദേഹം മറച്ചു മരുവിനാൻ
വിബുധകുലരിപു ദശമുഖൻ വരവെത്രയും
വിസ്മയത്തോടു കണ്ടു കപികുഞ്ജരൻ
അസുരസുര നിശിചരവരാംഗനാ വൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും
ദശവദനനനവരതമകതളിരിലുണ്ടു തൻ
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ! 280
സകല ജഗദധിപതി സനാതനൻ സന്മയൻ
സാക്ഷാൽ മുകുന്ദനേയും കണ്ടു കണ്ടു ഞാൻ
നിശിതരശരശകലിതാംഗനായ്കേവലേ
നിർമ്മലനായ ഭഗവൽ പദാംബുജേ
വരദനജനനമരുമമൃതാനന്ദപൂർണ്ണമാം
വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേൻ
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-
നായുർവിനാശകാലം നമുക്കാഗതം
ശിരസി മമ ലിഖിതമിഹ മരണസമയദൃഢം
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം
കമലജനുമറിയരുതു കരുതുമളവേതുമേ
കാലസ്വരൂപനാമീശ്വരൻ തന്മതം
സതതമകതളിരിലിവ കരുതി രഘുനാഥനെ
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ
കപികൾ കുലവരനവിടെയാശു ചെല്ലും മുമ്പേ
കണ്ടിതു രാത്രിയിൽ സ്വപ്നം ദശാനനൻ
രഘുജനകതിലക വചനേന രാത്രൌ വരും
കശ്ചിൽ കപിവരൻ കാമരൂപാന്വിതൻ 300
കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ്
കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം
തരുനികര വരശിരസി വന്നിരുന്നാദരാൽ
താർമകൾ തന്നെയും കണ്ടു രാമോദന്തം
അഖിലമവളൊടു ബത! പറഞ്ഞടയാളവു-
മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം
അതു പൊഴുതിലവനറിവതിന്നു ഞാൻ ചെന്നു ക-
ണ്ടാധി വളർത്തുവൻ വാങ്മയാസ്ത്രങ്ങളാൽ
രഘുപതിയൊടതുമവനശേഷമറിയിച്ചു
രാമനുമിങ്ങു കോപിച്ചുടനേവരും 310
രണശിരസി സുഖമരണമതിനിശിതമായുള്ള
രാമശരമേറ്റെനിക്കും വരും ദൃഢം
പരമഗതി വരുവതിനു പരമൊരുപദേശമാം
പന്ഥാവിതു മമ പാർക്കയില്ലേതുമേ
സുരനിവഹമതിബലവശാൽ സത്യമായ്‌വരും
സ്വപ്നം ചിലർക്കു ചിലകാലമൊക്കണം
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു
നിശ്ചിത്യ നിർഗ്ഗമിച്ചീടിനാൻ രാവണൻ
കനകമണി വലയ കടകാംഗദ നൂപുര-
കാഞ്ചീമുഖാഭരണാരാവമന്തികേ 320
വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ
വിസ്മയമാമ്മാറു കണ്ടു പുരോഭുവി
വിബുധരി പുനിശിചരകുലാധിപൻ തൻ വര-
വെത്രയും ഭീതയായ് വന്നിതു സീതയും
ഉരസിജവുമുരു തുടകളാൽ മറച്ചാധിപൂ-
ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്
നിജരമണ നിരുപമ ശരീരം നിരാകുലം
നിർമ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ
ദശവദന നയുഗശരപരവശതയാസമം
ദേവീസമീപേ തൊഴുതിരുന്നീടിനാൻ. 330
രാവണന്റെ ഇച്ഛാഭംഗം
അനുസരണ മധുര രസവചന വിഭവങ്ങളാ-
ലാനന്ദരൂപിണിയോടു ചൊല്ലീടിനാൻ
“ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം
ശോഭനശീലേ! പ്രസീദ പ്രസീദ മേ
നിഖില ജഗദധിപമസുരേശമാലോക്യമാം
നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാൻ
ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം
ത്വദ്ഗത മാനസനെന്നറികെന്നെ നീ
ഭവതി തവ രമണപി ദശരഥതനൂജനെ-
പ്പാർത്താൽ ചിലർക്കു കാണാം ചിലപ്പോഴേടോ! 340
പല സമയമഖിലദിശി നന്നായ്ത്തിരകിലും
ഭാഗ്യവതാമപി കണ്ടുകിട്ടാപരം
സുമുഖി! ദശരഥതനയനാൽ നിനക്കേതുമേ-
സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ
ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-
ല്ലോർത്താലൊരു ഗുണമില്ലവനോമലേ!
സുദൃഢമനവരതമുപഗുഹനം ചെയ്കിലും
സുഭ്രൂ സുചിരമരികേ വസിക്കിലും
തവ ഗുണ സമുദയമലിവോടു ഭുജിക്കിലും
താല്പരിയം നിന്നിലില്ലവനേതുമേ 350
ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി
ശക്തിവിഹീനൻ വരികയുമില്ലല്ലോ
കിമപി നഹി ഭവതി കരണീയം ഭവതിയാൽ
കീർത്തിഹീനൻ കൃതഘ്നൻ തുലോം നിർമ്മമൻ
മദരഹിതനറിയരുതു കരുതുമളവാർക്കുമേ-
മാനഹീനൻ പ്രിയേ! പണ്ഡിതമാനവാൻ
നിഖിലവനചരനിവഹ മദ്ധ്യസ്ഥിതൻ ഭൃശം
നിഷ്കിഞ്ചനപ്രിയൻ ഭേദഹീനാത്മകൻ
ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി-
ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ. 360
ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ-
പാർത്തു കണ്ടാലവനില്ലഭേദം പ്രിയേ!
ഭവതിയെയുമക തളിരിലവിഹ മറന്നിതു
ഭർത്താവിനെപ്പാർത്തിരുന്നതിനിമതി
ത്വയിവിമുഖനവന നിശമതിനുനഹി സംശയം
ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം
കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു
കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ!
സുരദിതിജദനുഭുജഗോപ്സരോ ഗന്ധർവ-
സുന്ദരീ വർഗ്ഗം പരിചരിക്കും മുദാ 370
നിയതമതിഭയ സഹിതമ മിത ബഹുമാനേന
നീ മല്പരിഗ്രഹമായ് മരുവീടുകിൽ
കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം
കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!
പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാൽ
പൂജ്യനാം പുണ്യപുമാനെന്നറികമാം
സരസമനുസര സദയമയി തവവശാനുഗം
സൌജന്യ സൌഭാഗ്യ സാരസർവസ്വമേ! 380
സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം
സന്തതം പാഹിമാം പാഹിമാം പാഹിമാം”
വിവിധമിതി ദശവദനനനുസരണപൂർവ്വകം
വീണു തൊഴുതപേക്ഷിച്ചോരനന്തരം
ജനകജയുമവനൊടതിനിടയിലൊരു പുൽക്കൊടി
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാൾ;
“സവിതൃകുലതിലകനിലതീവഭീത്യാ ഭവാൻ
സംന്യാസിയാ വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ-
സാഹസത്തോടുമാം കട്ടു കൊണ്ടീലയോ? 390
ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ
തല്ഫലം നീതാനനുഭവിക്കും ദ്രുതം
ദശരഥനിശിതരശരദലിതവപുഷാ ഭവാൻ
ദേഹം വിനാ യമലോകം പ്രവേശിക്കും
രഘുജനന തിലകനൊരു മനുജനിതി മാനസേ
രാക്ഷസരാജ! നിനക്കുതോന്നും ബലാൽ
ലവണജലനിധിയെ രഘുകുലതിലകനശ്രമം
ലംഘനം ചെയ്യുമതിനില്ല സംശയം
ലവസമയമൊടു നിശിത വിശിഖ പരിപാതേന
ലങ്കയും ഭസ്മമാക്കീടുമരക്ഷണാൽ
സഹജസുതസചിവ ബലപതികളൊടു കൂടവേ
സന്നമാം നിന്നുടെ സൈന്യവും നിർണ്ണയം
അവനവ നിപുണഭരനവനിഭരനാശനൻ
അദ്യധാതാവപേക്ഷിച്ചതു കാരണം
അവതരണമവനിതലമതിലതിദയാപര-
നാശു ചെയ്തീടിനാൻ നിന്നെയൊടുക്കുവാൻ
ജനകനൃപവരനു മകളായ് പിറന്നേനഹം
ചെമ്മേയതിന്നൊരു കാരണഭൂതയായ്
അറിക തവമനസി പുനരിനി വിരവിനൊടു വ-
ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവൻ”
ഇതിമിഥില നൃപതിമകൾ പരുഷവചനങ്ങൾ കേ-
ട്ടേറ്റവും കൃദ്ധനായോരു ദശാനനൻ
അതിചപലകരഭുവി കരാളം കരവാള-
മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാൻ
അതുപൊഴുതിലതികരുണയൊടു മയതനൂജയു-
മാത്മഭർത്താരം പിടിച്ചടക്കീടിനാൾ!
“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!
ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ് 420
പതിവിരഹപരവശതയൊടുമിഹ പരാലയേ
പാർത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികൾ പരുഷവചനം കേട്ടു
പാരം വശം കെട്ടിരിക്കുന്നതുമിവൾ
ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!
ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!
സുരദനുജദിതിജഭുജഗാപ്സരോഗന്ധർവ-
സുന്ദരീ വർഗ്ഗം നിനക്കു വശഗതം“
ദശമുഖനുമധികജളനാശു മണ്ഡോദരീ
ദാക്ഷിണ്യവാക്കുകൾ കേട്ടു സലജ്ജനായ് 430
നിശിചരികളൊടു സദയമവനുമുരചെയ്തിതു!
“നിങ്ങൾ പറഞ്ഞു വശത്തു വരുത്തുവിൻ
ഭയജനന വചനമനുസരണ വചനങ്ങളും
ഭാവവികാരങ്ങൾ കൊണ്ടും ബഹുവിധം
അവനിമകളകതളിരഴിച്ചെങ്കലാക്കുവി-
നൻപോടു രണ്ടുമാസം, പാർപ്പനിന്നിയും”
ഇതിരജനിചരികളൊടു ദശവദനനും പറ-
ഞ്ഞീർഷ്യയോടന്തഃപുരം പുക്കു മേവിനാൻ
അതികഠിന പരുഷതര വചനശരമേൽക്കയാ-
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 440
“അനുചിതമിതല മലമടങ്ങുവിൻ നിങ്ങളെ”-
ന്നപ്പോൾ ത്രിജടയുമാശു ചൊല്ലീടിനാൾ
“ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ!
ശീലാവതിയെ നമസ്കരിച്ചീടുവിൻ
സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാൻ
സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം
അഖില ജഗദധിപനഭിരാമനാം രാമനു-
മൈരാവതോപരി ലക്ഷ്മണവീരനും
ശരനികരപരി പതന ദഹനകണജാലേന
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 450
രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം
രാക്ഷസരാജ്യം വിഭീഷണനും നൽകി
മഹിഷിയെയുമഴകിനൊടു മടിയിൽ വെച്ചാദരാൽ
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാൻ
കുലിശധരരിപു ദശമുഖൻ നഗ്നരൂപിയായ്
ഗോമയമായ മഹാഹൃദം തന്നിലേ
തിലരസവുമുടൽ മുഴുവനലിനൊടണിഞ്ഞുടൻ
ധൃത്വാ നളദമാല്യം നിജമൂർദ്ധനി
നിജസഹജ സചിവസുത സൈന്യസമേതനായ്
നിർമ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേൻ 460
രജനിചരകുലപതി വിഭീഷണൻ ഭക്തനായ്
രാമപാദാബ്ജവും സേവിച്ചു മേവിനാൻ
കലുഷതകൾ കളവിനിഹ രാക്ഷസ സ്ത്രീകളേ!
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.
കരുണയൊടു വയമതിനുകതിപയ ദിനം മുദാ
കാത്തുകൊള്ളേണമിവളെ നിരാമയം”
രജനിചര യുവതികളിതി തൃജടാ വചോ-
രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാർ
മനസി പരവശതയൊടുറങ്ങിനാരേവരും
മാനസേ ദുഃഖം കലർന്നു വൈദേഹിയും. 470

No comments:

Post a Comment