Thursday, August 1, 2013

സീതാഹനുമൽസംവാദം
ഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-
മുറ്റവരായിട്ടൊരുത്തരുമില്ലമേ
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവ വീരനുമെന്നെ മറന്നിതു
കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാൻ
കാകുത്സ്ഥനും കരുണാഹീനനെത്രയും
മനസി മുഹുരിവ പലതുമോർത്തു സന്താപേന
മന്ദമന്ദമെഴുനേറ്റു നിന്നാകുലാൽ
തരളഹൃദയമൊടു ഭർത്താരമോർത്തോർത്തു
താണു കിടന്നൊരു ശിംശപാ ശാഖയും
സഭയപരവശ തരളമാലംബ്യ ബാഷ്പവും
സന്തതം വാർത്തു വിലാപം തുടങ്ങിനാൻ
“ജഗദമലനയനരവിഗോത്രേ ദശരഥൻ
ജാതനായാനവൻ തന്നുടെ പുത്രരായ്
രതിരമണതുല്യരായ് നാലുപേരുണ്ടിതു
രാമഭരതസൌമിത്രി ശത്രുഘ്നന്മാർ
രജനിചരകുലനിധന ഹേതുഭൂതൻ പിതു-
രാജ്ഞയാ കാനനം തന്നിൽ വാണീടിനാൻ
ജനകനൃപസുതയുമവരജനുമായ് സാദരം
ജാനകീദേവിയെത്തത്ര ദശാനനൻ
കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാൻ
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും
വിപിനഭുവി വിരവോടു തിരഞ്ഞുനടക്കുമ്പോൾ
വീണുകിടക്കും ജടായുവിനെക്കണ്ടു
പരമഗതിപുനരവനു നൽകിയമ്മാല്യവൽ
പർവ്വതപാർശ്വേ നടക്കുംവിധൌ തദാ
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു
സത്വരം കൊന്നിതു ശക്രസുതനെയും
തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു
തൽ പ്രത്യുപകാരമാശു സുഗ്രീവനും
കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും
കണ്ടുവരുവാനയച്ചോരനന്തരം
പുനരവരിലൊരുവനഹമത്ര വന്നീടിനേൻ
പുണ്യവാനായ സമ്പാതി തൻ വാക്കിനാൽ
ജലനിധിയുമൊരു ശതക യോജനാവിസ്തൃതം
ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേൻ
രജനിചരപുരിയിൽ മുഴുവൻ തിരഞ്ഞേനഹം
രാത്രിയിലത്ര താതാനുഗ്രഹവശാൽ
തതനികരവരമരിയ ശിംശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാർഥനായേനഹം
കാമലാഭാൽ കൃതകൃത്യനായീടിനേൻ
ഭഗവദനുചരരിലഹമഗ്രേസരൻ മമ
ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ”
പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാൻ
പിന്നെയിളകാതിരുന്നാനരക്ഷണം
“കിമിതി രഘുകുലവരചരിത്രം ക്രമേണ മേ
കീർത്തിച്ചിതാകാശമാർഗ്ഗേ മനോഹരം
പവനനുരു കൃപയൊടു പറഞ്ഞു കേൾപ്പിക്കയോ
പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ?
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ
സരസതരപതിചരിതമാശു കർണ്ണാമൃതം
സത്യമായ് വന്നിതാവൂ മമ ദൈവമേ!
ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില-
ത്യത്തമൻ മുമ്പിൽ മേ കാണായ് വരേണമേ“
ജനകനൃപദുഹിതൃവചനം കേട്ടു മാരുതി
ജാതമോദം മന്ദമന്ദമിറങ്ങിനാൻ
വിനയമൊടുമവനിമകൾ ചരണ നളിനാന്തികേ
വീണു നമസ്കരിച്ചാൻ ഭക്തിപൂർവ്വകം
തൊഴുതു ചെറുതകലെയവനാശു നിന്നീടിനാൻ
തുഷ്ട്യാ കലപിംഗതുല്യശരീരനായ്
ഇവിടെ നിശിചരപതി വലീ മുഖവേഷമാ-
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ
ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും
ചേതസി ഭീതി കലർന്നു മരുവിനാൾ
കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു
കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും
“ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ
തവസചിവനഹമിഹ തഥാവിധനല്ലഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാൻ
സുമുഖി! കപികുലതിലകനായ സൂര്യാത്മജൻ
സുഗ്രീവഭൃത്യൻ ജഗല്പ്രാണ നന്ദനൻ
കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല
കർമ്മണാ വാചാ മനസാപി മാതാവേ!”
പവനസുതമധുരതര വചനമതു കേട്ടുടൻ
പത്മാലയദേവി ചോദിച്ചിതാദരാൽ
“ഋതമൃജുമൃദുസ്ഫുടവർണ്ണവാക്യം തെളി-
ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം
സദയമിഹ വദ മനുജവാനരജാതികൾ
തങ്ങളിൽ സംഗതി സംഭവിച്ചീടുവാൻ
കലിതരുചി ഗഹനഭുവി കാരണമെന്തെടോ!
കാരുണ്യവാരാന്നിധേ! കപികുഞ്ജര!
തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന-
തെന്നോടു ചൊന്നതിൻ മൂലവും ചൊല്ലു നീ.”
“ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും
ശ്രീരാമദേവനാണെ സത്യമോമലേ!
ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-
യാശ്രയാശങ്കലുമാശ്രമത്തിങ്കലും
മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ
മാനിനു പിന്നേ നടന്നു രഘുപതി
നിശിതതരവിശിഖഗണചാപവുമായ് ചെന്നു
നീചനാം മാരീചനെക്കൊന്നു രാഘവൻ
ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ-
തുണ്ടായ വൃത്താന്തമോ പറയാവതോ?
ഉടനവിടെയവിടെയടവിയിലടയ നോക്കിയു-
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ
ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭൻ
കേണുകിടക്കും ജടായുവിനെക്കണ്ടു
അവനുമഥ തവ ചരിതമഖിലമറിയിയിച്ചള-
വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും
പുനരടവികളിലവരജേന സാകംദ്രുതം
പുക്കു തിരഞ്ഞു കബന്ധഗതി നൽകി
ശബരി മരുവിന മുനിവരാശ്രമേ ചെന്നുടൻ
ശാന്താത്മകൻ മുക്തിയും കൊടുത്തീടിനാൻ
അഥ ശബരിവിമലവചനേന പോന്നൃശ്യമൂ-
കാദ്രിപ്രവരപാർശ്വേ നടക്കും വിധൌ
തപനസുതനിരുവരെയുമഴകിനൊടു കണ്ടതി-
താല്പര്യമുൾക്കൊണ്ടയച്ചിതെന്നെത്തദാ
ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ
ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാൻ
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി
നിർമ്മലന്മാരെച്ചുമലിലെടുത്തുടൻ
തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേൻ
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാൻ
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു
ദണ്ഡമിരുവർക്കുമാശു തീർത്തീടുവാൻ
തരണിസുതഗൃഹിണ്യെ ബലാലടക്കിക്കൊണ്ട-
താരാപതിയെ വധിച്ചു രഘുവരൻ
ദിവസകരതനയനു കൊടുത്തിതു രാജ്യവും;
ദേവിയെയാരാഞ്ഞു കാണ്മാൻ കപീന്ദ്രനും
പ്ലവഗകുലപരിവൃഫരെ നാലു ദിക്കിങ്കലും
പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാൻ
അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി-
ച്ചംഗുലീയം മമകൈയിൽ നൽകീടിനാൻ
ഇതു ജനകനൃപതി മകൾ കയ്യിൽ കൊടുക്ക നീ
എന്നുടെ നാമാക്ഷരാന്വിതം പിന്നെയും
സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ
സാദരം ചൊന്നാനടയാളവാക്യവും
അതുഭവതി കരതളിരിലിനി വിരവിൽ നൽകുവ
നാലോകയാലോകയാനന്ദപൂർവ്വകം“
ഇതി മധുരതരമനിലതനയനുരചെയ്തുട
നിന്ദിരാദേവിതൻ കയ്യിൽ നൽകീടിനാൻ
പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ-
ല്പിന്നോക്കിൽ വാണുവണങ്ങി നിന്നീടിനാൻ
മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്
മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാൽ
രമണമിവ നിജശിരസി കനിവിനൊടു ചേർത്തിതു
രാമനാമാങ്കിതമംഗുലീയം മുദാ
പ്ലവഗകുല പരിവൃഢ! മഹാമതിമാൻ ഭവാൻ
പ്രാണദാതാ മമപ്രീതികാരീ ദൃഢം
ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ
ഭക്തനതീവ വിശ്വാസ്യൻ ദയാപരൻ
പലഗുണവുമുടയവരെയൊഴികെ മറ്റാരേയും
ഭർത്താവയയ്ക്കയുമില്ല മത്സന്നിധൌ
മമ സുഖവുമനുദിനമിരിക്കും പ്രകാരവും
മല്പരിതാപവും കണ്ടുവല്ലോ ഭവാൻ
കമലദലനയനനകതളിരിലിനി മാം‌പ്രതി
കാരുണ്യമുണ്ടാം പരിചറിയിക്ക നീ
രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു
രണ്ടുമാസം കഴിഞ്ഞാലെന്നു നിർണ്ണയം
അതിനിടയിൽ വരുവതിനു വേലചെയ്തീടുനീ
അത്രനാളും പ്രാണനെദ്ധരിച്ചീടുവൻ
ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ
ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ
അനിലതനയനുമഖിലജനനി വചനങ്ങൾ കേ-
ട്ടാകുലം തീരുവാനാശു ചൊല്ലീടിനാൻ
അവനിപതി സുതനൊടടിയൻ ഭവദ്വാർത്തക-
ളങ്ങുണർത്തിച്ചു കൂടുന്നതിൻ മുന്നമേ
അവരനുജനുമഖിലകപികുലബലവുമായ് മുതി-
ർന്നാശു വരുമതിനില്ലൊരു സംശയം
സുതസചിവ സഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാൽ
ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിൻ
ഭർത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാൽ”
ഇതിപവനസുത വചനമുടമയൊടു കേട്ടപോ-
തിനിന്ദിരാദേവി ചോദിച്ചരുളീടിനാൾ
“ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ-
ടേതൊരുജാതി കടന്നുവരുന്നതും
മനുജപരിവൃഢനെയുമവരജനെയുമൻപോടു
മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാൽ
മമ ചുമലിൽ വിരവിനൊടേടുത്തു കടത്തുവൻ
മൈഥിലീ! കിംവിഷാദം വൃഥാ മാനസേ
ലഘുതരമമിത രജനിചരകുലമശേഷേണ
ലങ്കയും ഭസ്മമാക്കീടുമനാകുലം
ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി-
ദ്രോഹം വിനാ ഗമിച്ചീടുവനോമലേ!
വിരഹ കലുഷിതമനസി രഖുവരനു മാം പ്രതി
വിശ്വാസമാശു വന്നീടുവനായ് മുദാ
തരിക സരഭസമൊരടയാളവും വാക്യവും
താവകം ചൊല്ലുവാനായരുൾ ചെയ്യണം”
ഇതിപവനതനയവചനേന വൈദേഹിയു-
മിത്തിരിനേരം വിചാരിച്ചു മാനസേ
ചികുരഭരമതിൽ മരുവുമമല ചൂഡാമണി
ചിന്മയി മാരുതി കൈയിൽ നൽകീടിനാൾ
“ശൃണുതനയ! പുനരൊരടയാളവാക്യം ഭവാൻ
ശ്രുത്വാ ധരിച്ചു കർണ്ണേ പറഞ്ഞീടു നീ
സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ
ഭർത്താവിനുണ്ടായ് വരുമെന്നു നിർണ്ണയം
ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ
ചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ
പാർത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ
തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ
അതുപൊഴുതിലതി പലലശകലങ്ങൾ കൊത്തീടിനാൻ
ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ
പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേൻ
പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ
വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാൽ
വായ്പോടു കീറിനാനേറെക്കുപിതനായ്
പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ
പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ
തൃണകുശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ
സഭയമവനഖിലദിശി പാഞ്ഞുനടന്നിതു
സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ
അമരപതി കമലജഗിരീശ മുഖ്യന്മാർക്കു-
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടി മലരിവശമൊടു വീണിതു
രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!
അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ
ആനന്ദമൂർത്തേ! ശരണം നമോസ്തുതേ
ഇതിസഭയമടിമലരിൽ വീണു കേണീടിനാ-
നിന്ദ്രാത്മജനാം ജയന്തനുമന്നേരം
സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ
സായകം നിഷ്ഫലമാകയില്ലെന്നുമേ
അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-
മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം
ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ-
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം
ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ-
നോർത്താലിതെന്നുടെ പാപമേ കാരണം
വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു
വീരനാം മാരുതപുത്രനും ചൊല്ലിനാൻ
“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ
ഭർത്താവറിയാക കൊണ്ടുവരാഞ്ഞതും
ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും
ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം”
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരിച്ച മോദേന ചോദിച്ചരുളിനാൾ!
“അധികകൃശതനുരിഹ ഭവാൻ കപിവീരരു-
മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ
നിഖില നിശിചരരചലനിഭവിപുലമൂർത്തികൾ
നിങ്ങളവരോടെതിർക്കുന്നതെങ്ങനെ?”
പവനജനുമവനിമകൾ തുല്യനായ് നിന്നാതിദ്രുതം
അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ-
നഞ്ജനാപുത്രൻ പ്രഭഞ്ജനനന്ദനൻ!
“ഇതു കരുതുക കമലരിലിങ്ങനെയുള്ളവ-
രിങ്ങിരുപത്തൊന്നു വെള്ളം പടവരും”
പവനസുത മൃദുവചനമിങ്ങനെ കേട്ടുടൻ
പത്മപത്രാക്ഷിയും പാർത്തു ചൊല്ലീടിനാൾ
“അതിവിമലനമിത ബലനാശര വംശത്തി-
നന്തകൻ നീയതിനന്തരമില്ലെടോ!
രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കിൽ നീ
രാക്ഷസസ്ത്രീകൾ കാണാതെ നിരാകുലം
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു-
ചെന്നു രഘുവരനെ കാൺകനന്ദന!
മമചരിതമഖിലമറിയിച്ചു ചൂഡാരത്ന-
മാശു തൃക്കയ്യിൽ കൊടുക്ക വിരയേ നീ
വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും
വീരപുമാന്മാരിരുവരുമായ് ഭവാൻ
വഴിയിലൊരു പിഴയുമുപരോധമെന്നിയേ
വായുസുതാ! പോകനല്ലവണ്ണം ധ്രുവം”
വിനയഭയകുതുക ഭക്തി പ്രമോദാന്വിതം
വീരൻ നമസ്കരിച്ചീടിനാനന്തികേ
പ്രിയവചനസഹിതനഥ ലോക മാതാവിനെ-
പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാൻ
“വിട തരിക ജനനീ! വിടകൊൾവാനടിയനു
വേഗേന ഖേദംവിനാ വാഴ്ക സന്തതം”
ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം
ഭർത്താരമാശു വരുത്തീടുകത്ര നീ
സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ
സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും”
അനിലതനയനുമഖില ജനനിയൊടു സാദരം
ആശീർവചനമാദായ പിൻ‌വാങ്ങിനാൻ.

ലങ്കാമർദ്ദനം
ചെറുതകലെയൊരു വിടപിശിഖിരവുമമർന്നവൻ
ചിന്തിച്ചുകണ്ടാൻ മനസി ജിതശ്രമം
പരപുരിയിലൊരു നൃപതികാര്യാർത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാൽ
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടേ ചെയ്തു പോമവനുത്തമൻ
അതിനു മുഹുറഹമഖില നിശിചരകുലേശനെ-
യൻപോടു കണ്ടു പറഞ്ഞു പോയീടണം
അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ-
യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാൻ
മിഥിലനൃപമകൾ മരുവുമതിവിമല ശിംശപാ-
വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകർത്തവൻ
കുസുമദലഫലസഹിതഗുൽമവല്ലീതരു-
ക്കൂട്ടങ്ങൾ പൊട്ടിയലറി വീഴും വിധൌ
ജനനിവഹഹയ ജനന നാദഭേദങ്ങളും
ജംഗമജാതികളായ പതത്രികൾ
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടൻ
ആകാശമൊക്കെപ്പരന്നൊരു ശബ്ദവും
രജനിചരപുരി ഝടിതി കീഴ്മേൽ മറിച്ചിതു
രാമദൂതൻ മഹാവീര്യപരാക്രമൻ
ഭയമൊടതു പൊഴുതു നിശിചരികളുമുണർന്നിതു
പാർത്തനേരം കപിവീരനെക്കാണായി
“ഇവനമിത ബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിതെന്തിനു വന്നതും?
സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങൾ
സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ!
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങൾക്കു
മർക്കടാകരം ധരിച്ചിരിക്കുന്നതും
നിശിതമസി വരുവതിനു കാരണമെന്തു ചൊൽ
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”
“രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാർക്കൊഴിഞ്ഞറിയാവതോ?
ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ
പാരം വളരുന്നതെന്താവതീശ്വരാ!
അവനിമകളവരൊടിതു ചൊന്ന നേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലീടിനാർ
“ഒരു വിപിനചരനമിതബലനചലസന്നിഭ-
നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു
പൊരുവതിനു കരുതിയവനപഗത ഭയാകുലം
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ
മുസലധരനനിശമതു കാക്കുന്നവരെയും
മുൽപ്പെട്ടു തച്ചുകൊന്നീടിനാനശ്രമം
ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ
പോയീലവനവിടുന്നിനിയും പ്രഭോ!
ദശവദനനിതി രജനിചരികൾ വചനം കേട്ടു
ദന്ദശൂകോപമക്രോധവിവശനായ്
“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ-
നേതുമെളിയവനല്ലെന്നു നിർണ്ണയം
നിശിതശരകുലിശ മുസലാദ്യങ്ങൾ കൈക്കൊണ്ടു
നിങ്ങൾ പോകാശു നൂറായിരം വീരന്മാർ”
നിശിചരകുലാധിപാജ്ഞാകാരന്മാരതി
നിർഭയം ചെല്ലുന്നതുകണ്ടു മാരുതി
ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസർ
സഭയതരഹൃദയമഥ മോഹിച്ചുവീണിതു
സംഭ്രമത്തോടടുത്തീടിനാർ പിന്നെയും
ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ
ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും
മുഹുരുപരി വിരവിനൊടുയർന്നു ജിതശ്രമം
മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാൻ
നിയുതനിശിചരനിധനനിശമന ദശാന്തരേ
നിർഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും
അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-
ന്നത്യന്തരോഷാൽ നിയോഗിച്ചനന്തരം
പരമരണ നിപുണനൊടെതിർത്തു പഞ്ചത്വവും
പഞ്ചസ്നേനാധിപന്മാർക്കും ഭവിച്ചിതു
തദനുദശവദനുനുദിതക്രുധാ ചൊല്ലിനാൻ
“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം
പരിഭവമൊടമിതബല സഹിതമപി ചെന്നൊരു
പഞ്ചസേനാധിപന്മാർ മരിച്ചീടിനാർ
ഇവനെ മമനികട ഭുവിഝടിതിസഹജീവനോ-
ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാൻ
മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടൻ
മന്ത്രിപുത്രന്മാർ പുറപ്പെടുവിൻ ഭൃശം
ദശവദനവച നിശമനബല സമന്വിതം
ദണ്ഡമുസലഖഡ്ഗേഷു ചാപാദികൾ
കഠിനതരമലറി നിജകരമതിലെടുത്തുടൻ
കർബുരേന്ദ്രന്മാരെടുത്താർ കപീന്ദ്രനും
ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ
ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം
അനിലജനുമവരെ വിരവോടു കൊന്നീടിനാ-
നാശുലോഹസ്തംഭ താഡനത്താലഹോ!
നിജസചിവതനയരെഴുവരുമമിത സൈന്യവും
നിർജ്ജരലോകം ഗമിച്ചതു കേൾക്കയാൽ
മനസിദശമുഖനുമുരുതാപവും ഭീതയും
മാനവും ഖേദവും നാണവും തേടിനാൻ
“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും
ഇവരൊരുവരെതിരിടുകിലസുരസുരജാതിക-
ളെങ്ങുമേനിൽക്കുമാറില്ല ജഗത്ത്രയേ
അവർ പലരുമൊരു കപിയൊടേറ്റു മരിച്ചിത-
ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം”
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു
പാരം തളർന്നൊരു താതനോടാദരാൽ
വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു
വീരപുംസാമിദം യോഗ്യമല്ലേതുമേ
അലമമലമിതറികിലനുചിതമഖില ഭൂഭൃതാ-
മാത്മഖേദം ധൈര്യശൌര്യതേജോഹരം
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”-
ന്നക്ഷകുമാരനും നിർഗ്ഗമിച്ചീടിനാൻ
കപിവരനുമതുപൊഴുതു തോരണമേറിനാൻ
കാണായിതക്ഷകുമാരനെസ്സന്നിധൌ
ശരനികരശകലിത ശരീരനായ് വന്നിതു
ശാഖാമൃഗാധിപൻ താനുമതുനേരം
മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-
ന്മൂർദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാൻ
ശക്തനാമക്ഷകുമാരൻ മനോഹരൻ
വിബുധകുലരിപു നിശിചരാധിപൻ രാവണൻ
വൃത്താന്തമാഹന്ത കേട്ടു ദുഃഖാർത്തനായ്
അമരപതിജിതമമിതബലസഹിതമാത്മജ-
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാൻ
“പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരൻ
പ്രേതാധിപാലയം പുക്കിതു കേട്ടീലേ
മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ
മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ
ത്വരിതമഹതുല ബലമോടു പോയീടുവൻ
ത്വൽ കനിഷ്ഠോദകം പിന്നെ നൽകീടുവൻ”
ഹനുമദ്ബന്ധനം
ഇതിജനകവചന മലിവോടു കേട്ടാദരാ
ലിന്ദ്രജിത്തും പറഞ്ഞീടിനാൻ തൽക്ഷണേ:
“ത്യജ മനസി ജനക! തവശോകം മഹാമതേ!
തീർത്തുകൊൾവൻ ഞാൻ പരിഭവമൊക്കവേ
മരണവിരഹിതനവനതിനില്ല സംശയം
മറ്റൊരുത്തൻ ബലാലത്ര വന്നീടുമോ!
ഭയമവനുമരണകൃതമില്ലെന്നു കാൺകിൽ ഞാൻ
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവൻ
ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം
പൂർവ്വദേവാരികൾ തന്നവരത്തിനാൽ
വലമഥനമപിയുധി ജയിച്ച നമ്മോടൊരു
വാനരൻ വന്നെതിരിട്ടതു മത്ഭുതം!
അതുകരുതുമളവിലിഹ നാണമാമെത്രയും
ഹന്തുമശക്യോപി ഞാനവിളംബിതം
കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ
കൃച്ഛ്രേണ ഞാൻ ത്വൽ സമീപേ വരുത്തുവൻ
സപദി വിപദുപഗതമിഹ പ്രമദാകൃതം
സമ്പദ്വിനാശകരം പരം നിർണ്ണയം
സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ
സന്താപമുണ്ടാക്കരുതു കരുതു മാം“
ഇതി ജനകനൊടു നയഹിതങ്ങൾ സൂചിപ്പിച്ചുട-
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്
രഥകവചവിശിഖധനുരാദികൾ കൈക്കൊണ്ടു
രാമദൂതം ജേതുമാശു ചെന്നീടിനാൻ
ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാൻ
ഗർജ്ജനപൂർവ്വകം മാരുതി വീര്യവാൻ
ബഹുമതിയുമകതളിരിൽ വന്നു പരസ്പരം
ബാഹുബലവീര്യവേഗങ്ങൾ കാൺകയാൽ
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു
പാകാരിജിത്തായ പഞ്ചാസ്യവിക്രമൻ
അഥസപദി ഹൃദി വിശിഖമെട്ടു കൊണ്ടെയ്തു മ-
റ്റാറാറുബാണം പദങ്ങളിലും തദാ
ശിതവിശിഖമധികതരമൊന്നു വാൽ മേലെയ്തു
സിംഹനാദേന പ്രപഞ്ചം കുലുക്കിനാൻ
തദനു കപികുലതിലകനമ്പു കൊണ്ടാർത്തനായ്
സ്തംഭേന സൂതനെക്കൊന്നിതു സത്വരം
തുരഗയുതരഥവുമഥഝടിതി പൊടിയാക്കിനാൻ
ദൂരത്തു ചാടിനാൻ മേഘനിനാദനും
അപരമൊരു രഥ മധിക വിതതമുടനേറി വ-
ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാൻ
രുഷിതമതി ദശവദനതനയ ശരപാതേന
രോമങ്ങൾ നന്നാലു കീറി കപീന്ദ്രനും
അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ-
ലംഭോജസംഭവബാണമെയ്തീടിനാൻ
അനിലജനുമതിനെ ബഹുമതിയൊടുടനാദരി-
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ
ദശവദനസുതനനിലതനയനെ നിബന്ധിച്ചു
തൻപിതാവിൻ മുമ്പിൽ വച്ചു വണങ്ങിനാൻ
പവനജനു മനസിയൊരു പീഡയുണ്ടായീല
പണ്ടു ദേവന്മാർ കൊടുത്ത വരത്തിനാൽ
നളിനദലനേത്രനാം രാമൻ തിരുവടി
നാമാമൃതം ജപിച്ചീടും ജനം സദാ
അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ-
യജ്ഞാനകർമ്മകൃത ബന്ധനം ക്ഷണാൽ
സുചിരവിരചിതമപി വിമുച്യ ഹരിപദം
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം
രഘുതിലകചരണയുഗമകതളിരിൽ വച്ചൊരു
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?
മരണജനിമയ വികൃതി ബന്ധമില്ലാതോർക്കു
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?
കപടമതികലിത കരചരണ വിവശത്വവും
കാട്ടിക്കിടന്നു കൊടുത്തോരനന്തരം
പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടൻ
പാശഖണ്ഡേന ബന്ധിച്ചതു കാരണം
ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും
ബ്രഹ്മാസ്ത്ര ബന്ധനം വേർപെട്ടിതപ്പോഴേ
വ്യഥയുമവനകതളിരിലില്ലയെന്നാകിലും
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ
നിശിചരരെടുത്തു കൊണ്ടാർത്തു പോകും വിധൌ
നിശ്ചലനായ്ക്കിടന്നാൻ കാര്യഗൌരവാൽ
അനിലജനെ നിശിചരകുലാധിപൻ മുമ്പിൽ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ
“അമിത നിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാൻ
ജനക! തവ മനസി സചിവ്ന്മാരുമായിനി-
ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം
പ്ലവഗകുലവരനറിക സാമാന്യനല്ലിവൻ
പ്രത്യർത്ഥി വർഗ്ഗത്തിനെല്ലാമൊരന്തകൻ.
നിജതനയ വചനമിതി കേട്ടു ദശാനനൻ
നിൽക്കും പ്രഹസ്തനോടോർത്തു ചൊല്ലീടിനാൻ:
ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-
മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും
ഉപവനവുമനിശമതു കാക്കുന്നവരെയു-
മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും
ത്വരിതമതി ബലമൊടു തകർത്തു പൊടിച്ചതും
തൂമയോടാരുടെ ദൂതനെന്നുള്ളതും
ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു-
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും
പവനസുതനൊടു വിനയതനയസഹിതമാദരാൽ
പപ്രച്ഛ” നീയാരയച്ചു വന്നൂ കപേ!
നൃപസദസികഥയ മമ സത്യം മഹാമതേ!
നിന്നെയഴിച്ചു വിടുന്നുണ്ടു നിർണ്ണയം
ഭയമഖിലമകതളിരിൽ നിന്നുകളഞ്ഞാലും
ബ്രഹ്മസഭയ്ക്കൊക്കു മിസ്സഭ പാർക്ക നീ
അനൃത വചനവു മലമധർമ്മ കർമ്മങ്ങളു-
മത്ര ലങ്കേശ രാജ്യത്തിങ്കലില്ലെടോ!”
നിഖില നിശിചരകുല ബലാധിപൻ ചോദ്യങ്ങൾ
നീതിയോടേ കേട്ടുവായുതനയനും
മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു
മന്ദഹാസേന മന്ദേതരം ചൊല്ലിനാൻ:
ഹനുമാന്റെ ഹിതോപദേശം
സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ
പൂജ്യനാം രാമദൂതൻ ഞാനറിക നീ
ഭുവനപതി മമപതി പുരന്ദരപൂജിതൻ
പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ
ഭുജഗകുലപതിശയനമലനഖിലേശ്വരൻ
പൂർവ്വദേവാരാതി ഭുക്തിമുക്തിപ്രദൻ
പുരമഥനഹൃദയമണിനിലയനനിവാസിയാം
ഭൂതേശസേവിതൻ ഭൂതപഞ്ചാത്മകൻ
ഭുജകുലരിപുമണിരഥദ്ധ്വജൻ മാധവൻ
ഭൂപതിഭൂതിവിഭൂഷണസമ്മിതൻ
നിജജനകവചനമതുസത്യമാക്കീടുവാൻ
നിർമ്മലൻ കാനനത്തിന്നു പുറപ്പെട്ടു
ജനകജയുമവരജനുമായ് മരുവുന്ന നാൾ
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ
തവ മരണമിഹവരുവതിന്നൊരു കാരണം
താമരസോത്ഭവകല്പിതം കേവലം
തദനു ദശരഥതനയനും മതംഗാശ്രമേ
താപേന തമ്പിയുമായ് ഗമിച്ചീടിനാൻ
തപനതനയനൊടനലസാക്ഷിയായ് സഖ്യവും
താല്പര്യമുൾക്കൊണ്ടു ചെയ്തോരനന്തരം
അമരപതിസുതനെയൊരു ബാണേന കൊന്നുട
നർക്കാത്മജന്നു കിഷ്കിന്ധയും നൽകീടിനാൻ
അടിമലരിലവനമനമഴകിനൊടു ചെയ്തവ-
നാധിപത്യം കൊടുത്താധി തീർത്തീടിനാൻ
അതിനവനുമവനിതനയാന്വേഷണത്തിനാ-
യാശകൾ തോറുമേകൈക നൂറായിരം
പ്ലവഗകുലപരിവൃഢരെ ലഖുതരമയച്ചതി-
ലേകനഹമിഹവന്നു കണ്ടീടിനേൻ
വനജവിടപികളെയുടനുടനിഹ തകർത്തതും
വാനരവംശ പ്രകൃതിശീലം വിഭോ!
ഇകലിൽ നിശിചരവരരെയൊക്കെ മുടിച്ചതു-
മെന്നെ വധിപ്പതിന്നായ് വന്ന കാരണം
മരണഭയമകതളിരിലില്ലയാതേ ഭുവി
മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം
ദശവദന ! സമരഭുവി ദേഹരക്ഷാർത്ഥമായ്
ത്വദ്ഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം
ദശനിയുതശതവയസി ജീർണ്ണമെന്നാകിലും
ദേഹികൾക്കേറ്റം പ്രിയം ദേഹമോർക്ക നീ
തവ തനയകരഗളിത വിധിവിശിഖപാശേന
തത്ര ഞാൻ ബദ്ധനായേനൊരു കാൽക്ഷണം
കമലഭവമുഖസുരവരപ്രഭാവേന മേ
കായത്തിനേതുമേ പീഡയുണ്ടായ്‌വരാ
പരിഭവമൊരു പൊഴുതു മരണവുമകപ്പെടാ
ബദ്ധഭാവേന വന്നീടിനേനത്ര ഞാൻ
അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ-
ളദ്യഹിതം തവ വക്തുമുദ്യുക്തനായ്
അകതളിരിലറിവു കുറയുന്നവർക്കേറ്റമു
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം
അതുജഗതി കരുതു കരുണാത്മനാം ധർമ്മമെ-
ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം
മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാൻ
മഗ്നനായീടൊലാ മോഹമഹാം ബുധൌ
ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ
ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ
അതു ജനനമരണ ഭയനാശിനീ നിർണ്ണയ-
മന്യയായുള്ളതു സംസാര കാരിണി
അമൃതഘനവിമലപരമാത്മബോധോചിത-
മത്യുത്തമാന്വയോദ് ഭൂതനല്ലോ ഭവാൻ
കളക തവ ഹൃദി സപദി തത്ത്വബോധേന നീ
കാമകോപദ്വേഷലോഭമോഹാദികൾ
കമലഭവസുതതനയ നന്ദനനാകയാൽ
കർബുരഭാവം പരിഗ്രഹിയായ്ക നീ
ദനുജസുര മനുജഖഗമൃഗഭുജഗഭേദേന
ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ
പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും
പ്രാണദേഹങ്ങളാത്മാവല്ലറികെടോ!
അമൃതമയനജനമലനദ്വയനവ്യയ-
നാനന്ദപൂർണ്ണനേകൻ പരൻ കേവലൻ
നിരുപമമനമേയനവ്യക്തൻ നിരാകുലൻ
നിർഗ്ഗുണൻ നിഷ്കളങ്കൻ നിർമ്മമൻ നിർമ്മലൻ
നിഗമവരനിലയനനന്തനാദ്യൻ വിഭു
നിത്യൻ നിരാകാരനാത്മാ പരബ്രഹ്മം
വിധിഹരിഹരാദികൾക്കും തിരിയാതവൻ
വേദാന്തവേദ്യനവേദ്യനജ്ഞാനിനാം
സകലജഗദിദമറിക മായാമയം പ്രഭോ!
സച്ചിന്മയം സത്യബോധം സതാതനം
ജഡമഖിലജഗദിദമനിത്യമറിക നീ
ജന്മജരാമരണാദി ദുഃഖാന്വിതം
അറിവതിനു പണിപരമ പുരുഷ മറിമായങ്ങ-
ളാത്മാനമാത്മനാ കണ്ടു തെളിക നീ
പരമഗതി വരുവതിനു പരമൊരുപദേശവും
പാർത്തുകേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാൻ
അനവരതമകതളിരിലമിതഹരിഭക്തികൊ-
ണ്ടാത്മവിശുദ്ധി വരുമെന്നു നിർണ്ണയം
അകമലരുമഘമകലുമളവതി വിശുദ്ധമാ-
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം
വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന-
വിശ്വാസകേവലാനന്ദാനുഭൂതിയാൽ
രജനിചരവനദഹനമന്ത്രാക്ഷരദ്വയം
രാമരാമേതി സദിവ ജപിക്കയും
രതി സപദി നിജഹൃദി വിഹായ നിത്യം മുദാ
രാമപാദ ധ്യാനമുള്ളിലുറയ്ക്കയും
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി-
ലാഹന്ത! വേണ്ടുന്നതാകയാലാശു നീ
ഭജഭവ ഭയാപഹം ഭക്തലോകപ്രിയം
ഭാനുകോടിപ്രഭം വിഷുപദാംബുജം
മധുമഥനചരണസരസിജയുഗളമാശു നീ
മൌഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ-
കുണ്ഠലോകം ഗമിപ്പാൻ വഴിനോക്കു നീ
പരധന കളത്രമോഹ്ന നിത്യം വൃഥാ
പാപമാർജ്ജിച്ചു കീഴ്പോട്ടു വീണിടൊലാ
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗത വത്സലം
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തിവിശ്വാസേന സേവിക്ക സന്തതം
ശരണമിതി ചരണകമലേ പതിച്ചീടെടോ!
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്
കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാർക്കുമോ
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!
സനകമുഖമുനികൾ വചനങ്ങളിതോർക്കെടോ
സത്യം മയോക്തം വിരിഞ്ചാദി സമ്മതം“
അമൃതസമവചനമിതിപവനതനയോദിത
മത്യന്തരോഷേണ കേട്ടു ദശാനനൻ
നയനമിരുപതിലുമഥ കനൽ ചിതറുമാറുടൻ
നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാൻ
തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിൻ
ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?
ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല
പാപിയായോരു ദുഷ്ടാത്മാശഠനിവൻ
കഥയമമ കഥയമ രാമനെന്നാരു ചൊൽ?
കാനനവാസി, സുഗ്രീവനെന്നാരെടോ?
അവരെയുമനന്തരം ജാനകി തന്നെയു-
മത്യന്ത ദുഷ്ടനാം നിന്നെയും കൊല്ലുവൻ”
ദശവദന വചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാൻ!
“നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!”
പവനസുത വചനമിതു കേട്ടു ദശാസ്യനും
പാർശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാൻ!
“ഇവിടെ നിശിചരരൊരുവരായുധപാണിയാ-
യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ”
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ-
നപ്പോൾ വിഭീഷണൻ ചൊല്ലിനാൻ മെല്ലവേ!
“അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ-
ന്നാർക്കടുത്തൂ നൃപന്മാർക്കു ചൊല്ലീടുവിൻ
ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ-
ലെങ്ങനെയങ്ങറിയുന്നിതു രാഘവൻ
അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ-
മങ്ങയയ്ക്കേണമതല്ലോ നൃപോചിതം ?“
ഇതിസദസി ദശവദന സഹജവചനേന താ-
നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാൻ.
ലങ്കാദഹനം
വദനമപി കരചരണമല്ല ശൌര്യാസ്പദം
വാനർന്മാർക്കു വാൽമേൽ ശൌര്യമാകുന്നു
വയമതിനുഝടിതി വസനേന വാൽ വേഷ്ടിച്ചു
വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും
രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി-
രാത്രിയിൽ വന്നൊരു കള്ളനെന്നിങ്ങനെ
നിഖിലദിശി പലരുമിഹ കേൾക്കുമാറുച്ചത്തിൽ
നീളെ വിളിച്ചു പറഞ്ഞുനടത്തുവിൻ
കുലഹതകനിവനറികനിസ്തേജനെന്നു തൻ-
കൂട്ടത്തിൽ നിന്നു നീക്കീടും കപികുലം
തിലരസഘൃതാദി സംസിതവസ്ത്രങ്ങളാൽ
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബല നചലതരമവിടെ മരുവീടിനാ-
നത്യായത സ്ഥൂലമായിതുവാൽ തദാ-
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു-
വാലുമതീവ ശേഷിച്ചിതു പിന്നെയും
നിഖിലനിലയന നിഹിതപട്ടാംബരങ്ങളും
നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാർ.
അതുമുടനൊടുങ്ങി വാൽശേഷിച്ചു കണ്ടള-
വങ്ങുമിങ്ങും ചെന്നുകൊണ്ടുവന്നീടിനാർ
തിലജഘൃത സുസ്നേഹസംസിതവസ്ത്രങ്ങൾ
ദിവ്യപട്ടാംശുക ജാലവും ചുറ്റിനാർ
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും
അലമലമിതമലനിവനെത്രയും ദിവ്യനി-
താർക്കു തോന്നീ വിനാശത്തിനെന്നാർ ചിലർ
അനലമിഹവസനമിതി നനലമിനിവാലധി-
ക്കാശു കൊളുത്തുവിൻ വൈകരുതേതുമേ
പുനരവരുമതു പൊഴുതു തീകൊളുത്തീടിനാർ
പുച്ഛാഗ്രദേശേ പുരന്ദരാരാദികൾ
ബലസഹിതമബലമിവരജ്ജുഖണ്ഡം കൊണ്ടു-
ബധ്വാ ദൃഢതരം ധൃത്വാ കപിവരം
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാരവമരം ഗത്വാപുരവരം
പറകളെയുമുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
പവനജനുമതികൃശശരീരനായീടിനാൻ
പാശവുമപ്പോൾ ശിധിലമായ് വന്നിതു
ബലമൊടവനതിചപലമചലനിഭ ഗാത്രനായ്
ബന്ധവും വേർപെട്ടു മേൽപ്പോട്ടുപൊങ്ങിനാൻ
ചരമഗിരിഗോപുരാഗ്രേ വായുവേഗേന
ചാടിനാൻ വാഹകന്മാരെയും കൊന്നവൻ
ഉഡുപതിയൊടുരസുമടവുയരമിയലുന്നര-
ത്നോത്തുംഗ സൌധാഗ്രമേറി മേവീടിനാൻ
ഉദവസിതനികരമുടനുടനുടനുപരിവേഗമോ-
ടുല്പ്ലുത്യ പിന്നെയുമുല്പ്ലുത്യ സത്വരം
കനക മണിമയനിലയമഖിലമനിലാത്മജൻ
കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും
പ്രകൃതിചപലതയൊടവനചലമോരോ മണി-
പ്രാസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ
ഗജതുരഗരഥബലപദാതികൾ പംക്തിയും
ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും
അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചൂതദാ
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നു ചെന്നൂ മുദാ
ഭുവനതലഗതവിമല ദിവ്യരത്നങ്ങളാൽ
ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതി പരിപൂർണ്ണമായ് വന്നിതത്ഭുതം
ദശവദനസഹജ ഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങൾ വെന്തുകൂടീജവം
രഘുകുലപതി പ്രിയഭൃത്യനാം മാരുതി
രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം
കനകമണിമയനിലയനികരമതുവെന്തോരോ
കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ
ചികുരഭരവസനചരണാദികൾ വെന്താശു
ജീവനും വേർപെട്ടു ഭൂമൌ പതിക്കയും
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൌധങ്ങളിലേറിയും
ദഹനനുടനവിടെയുമെടുത്തു ദഹിപ്പിച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും
മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കർമ്മമയ്യോ! വിധി ദൈവമേ!
മരണമുടനുടലുരുകിമുറുകി വരികെന്നതു
മാറ്റുവാനാരുമില്ലയ്യോ! ശിവശിവ!
ദുരിതമിതുരജനിചരവരവിരചിതം ദൃഡം
മറ്റൊരു കാരണമില്ലിതിനേതുമേ
പരധനവുമമിതപരദാരങ്ങളും ബലാൽ
പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം
അറികിലനുചിതമതുമദേന ചെയ്തീടായ്‌വി-
നാരുമതിന്റെ ഫലമിതു നിർണ്ണയം
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു
മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാരവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം
മദനശ്രപരവശതയൊടു ചപലനായിവൻ
മാഹാത്മ്യമുള്ളപതിവ്രതമാരെയും
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമിചാരിത്രഭ്മ്ഗം വരുത്തീടിനാൻ
അവർ മനസി മരുവിന തപോമയപാവക
നദ്യ രാജ്യേ പിടിപെട്ടിതു കേവലം
നിശിചരികൾ ബഹുവിധമൊരോന്നേ പറകയും
നിൽക്കും നിലയിലേ വെന്തുമരിക്കയും
ശരണമിഹ കിമിതി പലവഴിയുമുടനോടിയും
ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും
രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര-
രാജ്യമെഴുനൂറു യോജനയും ക്ഷണാൽ
സരസബഹുവിഭവയുതഭോജനം നൽകിനാൻ
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധി തന്നിലേ
ലാഗുലവും തച്ചു തീ പൊലിച്ചീടിനാൻ
പവനജനെ ദഹനനപി ചുട്ടതില്ലേതുമെ
പാവകനിഷ്ടസഖനാക കാരണം
പതിനിരതയാകിയ ജാനകീദേവിയാൽ
പ്രാർത്ഥിതനാകയാലും കരുണാവശാൽ
അവനിതനയാകൃപാവൈഭവമത്ഭുത-
മത്യന്തശീതളനായിതു വഹ്നിയും
രജനിചരകുലവിപിന പാവകനാകിയ
രാമനാമസ്മൃതി കൊണ്ടു മഹാജനം
തനയധനദാരമോഹാർത്തരെന്നാകിലും
താപത്രയാനലനെക്കടന്നീടുന്ന
തദഭിമതകാരിയായുള്ള ദൂതന്നു സ-
ന്താപം പ്രകൃതാനലേന ഭവിക്കുമോ?
ഭവതിയദിമനുജജനം ഭുവിസാമ്പ്രതം
പങ്കജഓചനനെ ഭജിച്ചീടുവിൻ
ഭുവനപതി ഭുജഗപതിശയന ഭജനം ഭുവി
ഭൂതദൈവാത്മ സംഭൂതതാപാപഹം
തദനുകപികുലവരനുമവനി തനയാപദം
താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാൻ
അഹമിനിയുമുഴറി നടകൊള്ളുവനക്കര-
യ്ക്കാജ്ഞാപ യാശുഗച്ഛാമി രാമാന്തികം
രഘുവരനുമവരജനുമരുണജനുമായ് ദ്രുത-
മാഗമിച്ചീടൂമനന്തസേനാസമം
മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ
മദ്ഭരം കര്യമിഞീഅനകാത്മജേ!
തൊഴുതമിതവിനയമിതി ചൊന്നവന്തന്നോടു
ദുഃഖമുൾക്കൊണ്ടു പറഞ്ഞിതു സീതയും:
“മമരമണചരിതമുരചെയ്ത നിന്നെക്കണ്ടു
മാനസതാപമകന്നിതു മാമകം
കഥമിനിയുമഹമിഹ വസാമിശോകേന മൽ
കാതവൃത്താന്ത ശ്രവണസൌഖ്യം വിനാ”
ജനകനൃപദു ഹിതൃഗിരമിങ്ങനെ കേട്ടവൻ
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാൻ
“കളകശുചമിനി വിരഹമലമതിനുടൻ മമ
സ്കന്ധമാരോഹ ക്ഷണേന ഞാൻ കൊണ്ടുപോയ്
തവരമണസവിധമുപഗമ്യ യോജിപ്പിച്ചു
താപംശേഷ മദ്യൈവ തീർത്തീടുവൻ
പവനസുത വചനമിതി കേട്ടു വൈദേഹിയും
പാരം പ്രസാദിച്ചു പാർത്തുചൊല്ലീടിനാൾ
അതിനുതവകരുതു മളവില്ലൊരു ദണ്ഡമെ-
ന്നാത്മനിവന്നിതു വിശ്വസമദ്യ മേ
ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ
ശോഷേണ ബന്ധനാദ്യൈരപി സാഗരം
കപികുല ബലേനകടന്നു ജഗത്രയ
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു
മല്പ്രാണനാഥ കീർത്തിക്കു പോരാ ദൃഢം
രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു
രാവണനെക്കൊന്നു കൊണ്ടു പൊയ്ക്കൊള്ളുവാൻ
അതിരഭസമയിതനയ! വേലചെയ്തീടു നീ-
യത്ര നാളും ധരിച്ചീടുവൻ ജീവനെ”
ഇതിസദയ മവനൊടരുൾ ചെയ്തയച്ചീടിനാ-
ളിന്ദിരാദേവിയും, പിന്നെ വാതാത്മജൻ
തൊഴുതഖില ജനനിയൊടു യാത്ര വഴങ്ങിച്ചു
തൂർണ്ണം മഹാർണ്ണവം കണ്ടു ചാടീടിനാൻ.
ഹനുമാന്റെ പ്രത്യാഗമനം
ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാൻ
തീവ്രനാദംകേട്ടു വാനരസംഘവും
കരുതുവിനിതൊരു നിനദമാശു കേൾക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു
പവനസുതനതിനുനഹി സംശയം മാനസേ
പാർത്തുകാൺകൊച്ച കേട്ടാലറിയാമതും
കപി നിവഹമിതി ബഹുവിധം പറയുംവിധൌ-
കാണായി തദ്രിശിരസി വാതാത്മജം
“കപിനിവഹവീരരേ! കണ്ടിതു സീതയെ
കാകുൽ‌സ്ഥവീരനനുഗ്രഹത്താലഹം
നിശിചര വരാലയമാകിയ ലങ്കയും
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു
വിബുധകുല വൈരിയാകും ദശഗ്രീവനെ
വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു
ഝടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാൻ
ജാംബവദാദികളേ നടന്നീടുവിൻ”
അതുപൊഴുതു പവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യവാലാഞ്ചലം
കുതുകമൊടു കപിനിചയമനിലജനെമുന്നിട്ടു-
കൂട്ടമിട്ടാർത്തു വിളിച്ചു പോയീടിനാർ
പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവണാചലം കണ്ടുമേവീടിനാർ
കുസുമദലഫലമധുലതാതരുപൂർണ്ണമാം
ഗുൽമസമാവൃതം സുഗ്രീവപാലിതം
ക്ഷുധിതപരിപീഡിതരായ കപികുലം
ക്ഷുദ്വിനാശാർത്ഥമാർത്ത്യാ പറഞ്ഞീടിനാർ
ഫലനികര സഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചുദാഹവും തീർത്തുനാമൊക്കവേ
തരണിസുത സവിധമുപഗമ്യവൃത്താന്തങ്ങൾ
താമസം കൈവിട്ടുണർത്തിക്കസാദരം
അതിനനുവദിച്ചരുളേണമെന്നാശ പൂ-
ണ്ടംഗദനോടാപക്ഷിച്ചോരനന്തരം
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ-
ലാശു മഹുവനം പുക്കിതെല്ലാവരും
പരിചൊടതിമധുരമധുപാനവും ചെയ്തവർ
പക്വഫലങ്ങൾ ഭക്ഷിക്കും ദശാന്തരേ
ദധിമുഖനുമനിശമതുപാലനം ചെയ്‌വിതു-
ദാനമാനേന സുഗ്രീവസ്യശാസനാൽ
ദധിവദനവചനമൊടു നിയതമതുകാക്കുന്ന-
ദണ്ഡധരന്മാരടുത്തു തടുക്കയാൽ
പവനസുതമുഖകപികൾ മുഷ്ടിപ്രഹാരേണ-
പാഞ്ഞാർ ഭയപ്പെട്ടവരുമതിദ്രുതം
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-
ത്തൂർണ്ണമാലോക്യ വൃത്താന്തങ്ങൾ ചൊല്ലിനാൻ
തവമധുവനത്തിനു ഭംഗം വരുത്തിനാർ
താരേയനാദികളായ കപിബലം
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം
വലമഥനസുതതനയനാദികളൊക്കവേ
വന്നു മദ്ഭൃത്യജനത്തെയും വെന്നുടൻ
മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ
മാതുലവാക്യമാകർണ്യ സുഗ്രീവനും
നിജമനസി മുഹുരപി വളർന്ന സന്തോഷേണ
നിർമ്മലാത്മാ രാമനോടു ചൊല്ലീടിനാൻ
പവനതനയാദികൾ കാര്യവും സാധിച്ചു
പാരം തെളിഞ്ഞുവരുന്നിതു നിർണ്ണയം
മധുവനമതല്ലയെന്നാകിലെന്നെ ബഹു-
മാനിയാതേ ചെന്നു കാൺകയില്ലാരുമേ
അവരെ വിരവൊടു വരുവതിന്നുചൊല്ലങ്ങു ചെ-
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാൻ
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ-
നഞ്ജനാപുത്രാദികളോടു സാദരം
അനിലതനയാംഗദ ജാംബവദാദിക-
ളഞ്ജസാ സുഗ്രീവഭാഷിതം കേൾക്കയാൽ
പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ-
പൂർണ്ണവേഗം നടന്നാശു ചെന്നീടിനാർ
പുകൾപെരിയപുരുഷമണി രാമൻ തിരുവടി
പുണ്യപുരുഷൻ പുരുഷോത്തമൻപരൻ
പുരമഥനഹൃദിമരുവുമഖില ജഗദീശ്വരൻ
പുഷ്കരനേത്രൻ പുരന്ദരസേവിതൻ
ഭുജഗപതിശയനനമലൻ ത്രിജഗല്പരി-
പൂർണ്ണൻ പുരുഹൂതസോദരൻ മാധവൻ
ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയൻ
പുഷ്കരസംഭവപൂജിതൻ നിർഗ്ഗുണൻ
ഭുവനപതി മഖപതി സതാം‌പതി മല്പതി
പുഷ്കരബാന്ധവപുത്രപ്രിയസഖി
ബുധജനഹൃദിസ്ഥിതൻ പൂർവദേവാരാതി
പുഷ്കരബാന്ധവവംശസമുത്ഭവൻ
ഭുജബലവതാംവരൻ പുണ്യജനകാത്മകൻ
ഭൂപതിനന്ദനൻ ഭൂമിജാവല്ലഭൻ
ഭുവനതലപാലകൻ ഭൂതപഞ്ചാത്മകൻ
ഭൂരിഭൂതിപ്രദൻ പുണ്യജനാർച്ചിതൻ
ഭുജഭവകുലാധിപൻ പുണ്ഡരീകാനനൻ
പുഷ്പബാണോപമൻ ഭൂരികാരുണ്യവാൻ
ദിവസകരപുത്രനും സൌമിത്രിയും മുദാ-
ദിഷ്ടപൂർണ്ണം ഭജിച്ചന്തികേ സന്തതം
വിപിനഭുവിസുഖതരമിരിക്കുന്നതുകണ്ടു-
വീണുവണങ്ങിനാർ വായുപുത്രാദികൾ
പുനരഥഹരീശ്വരൻ തന്നെയും വന്ദിച്ചു-
പൂർണ്ണമോദം പറഞ്ഞാനഞ്ജനാത്മജൻ
കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര-
കർബുരേൺദ്രാലയേ സങ്കടമെന്നിയേ
കുശലവുമുടൻ വിചാരിച്ചിതു താവകം
കൂടെസ്സുമിത്രാതനയനും സാദരം
ശിഥിലതരചികുരമൊടശോകവനികയിൽ
ശിംശപാമൂലദേശേ വസിച്ചീടിനാൾ
അനശനമൊടതികൃശശരീരനായന്വഹ-
മാശരനാരീപരിവൃതയായ് ശുചാ
അഴല്പെരുകിമറുകി ബഹുബാഷ്പവും വാർത്തു-
വാർത്തയ്യോ! സദാ രാമരാമേതിമന്ത്രവും
മുഹുരപി ജപിച്ചു ജപിച്ചു വിലപിച്ചു
മുഗ്ദ്ധാംഗിമേവുന്ന നേരത്തു ഞാൻ തദാ
അതികൃശശരീരനായ് വൃക്ഷശാഖാദശാന്തരേ
ആനന്ദമുൾക്കൊണ്ടിരുന്നേനനാകുലം
തവചരിതമമൃതസമമഖിലമറിയിച്ചഥ
തമ്പിയോടും നിന്തിരുവടി തന്നൊടും
ചെറുതുടജഭുവി രഹിതയായ് മേവും വിധൌ
ചെന്നു ദശാനനൻ കൊണ്ടങ്ങുപോയതും
സവിതൃസുതനൊടു ഝടിതി സഖ്യമുണ്ടായതും
സംക്രന്ദനാത്മജൻ തന്നെ വധിച്ചതും
ക്ഷിതിദുഹിതുരന്വേഷണാർത്ഥം കപീന്ദ്രനാൽ
കീശൌഘമാശു നിയുക്തമായീടിനാർ
അഹമവരിലൊരുവനിവിടേയ്ക്കു വന്നീടിനേ-
നർണ്ണവം ചാടിക്കടന്നതിവിദ്രുതം
രവിതനയസചിവനഹമാശുഗനന്ദനൻ
രാമദൂതൻ ഹനുമാനെന്നു നാമവും
ഭവതിയെയുമിഹഝടിതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ഭാഗ്യം കൃതാർത്ഥോസ്മ്യഹം
ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം
പത്മജാലോകനം പാപവിനാശനം
മമവചനമിതിനിഖിലമാകർണ്ണ്യജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം
ശ്രീമതാമഗ്രേസരനവൻ നിർണ്ണയം
മമ നയനയുഗളപഥമായാതു പുണ്യവാൻ
മാനവവീര പ്രസാദേന ദൈവമേ!
വചനമിതിമിഥിലതനയോദിതം കേട്ടു ഞാൻ
വാനരാകാരേണ സൂക്ഷ്മശരീരനായ്
വിനയമൊടു തൊഴുതടിയിൽ വീണു വണങ്ങിനേൻ
വിസ്മയത്തോടു ചോദിച്ചിതു ദേവിയും
അറിവതിനു പറക നീയാരെന്നതെന്നോട്-
ത്യാദിവൃത്താന്തം വിവരിച്ചനന്തരം
കഥിതമഖിലം മയാദേവവൃത്താന്തങ്ങൾ
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാൾ
അതുപൊഴുതിലകതളിരിലഴൽകളവതിന്നു ഞാ-
നംഗുലീയം കൊടുത്തീടിനേനാദരാൽ
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ-
കണ്ണുനീർകൊണ്ടു കഴുകിക്കളഞ്ഞുടൻ
ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും
ശീഘ്രമണച്ചു വിലപിച്ചിതേറ്റവും
പവനസുത! കഥയമമ ദുഃഖമെല്ലാം ഭവാൻ
പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ!
നിശിചരികളനുദിനമുപദ്രവിക്കുന്നതും
നീയങ്ങുചെന്നുചൊല്കെന്നു ചൊല്ലീടിനാൾ
തവചരിതമഖിലമലിവോടുണർത്തിച്ചു ഞാൻ
തമ്പിയോടും കപിസേനയോടുംദ്രുതം
വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു
വന്നുദശാസ്യകുലവും മുടിച്ചുടൻ
സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം
സന്താപമുള്ളിലുണ്ടാകരുതേതുമേ
ദശരഥസുതന്നു വിശ്വാസാർഥമായിനി-
ദ്ദേഹി മേ ദേവി ചിഹ്നം ധന്യമാദരാൽ
പുനരൊരടയാളവാക്കും പറഞ്ഞീടുക
പുണ്യപുരുഷനു വിശ്വാസസിദ്ധയേ
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള-
വാശു ചൂഡാരത്നമാദരാൽ നൽകിനാൾ
കമലമുഖി കനിവിനൊടു ചിത്രകൂടാചലേ
കാന്തനുമായ് വസിക്കുന്നാ‍ളൊരുദിനം
കഠിനതരനഖരനിക്രേണ പീഡിച്ചൊരു
കാകവൃത്താന്തവും ചൊൽകെന്നു ചൊല്ലിനാൾ
തദനുപലതരമിവപറഞ്ഞും കരഞ്ഞുമുൾ-
ത്താപം കലർന്നു മരുവും ദശാന്തരേ
ബഹുവിധചോവിഭാവേന ദുഃഖം തീർത്തു
ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാൻ
വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു
വേഗേന പിന്നെ മറ്റൊന്നു ചെയ്തേനഹം
അഖിലനിശിചരകുലപതിക്കഭീഷ്ടാസ്പദ-
മാരമമൊക്കെത്തകർത്തേനതിന്നുടൻ
പരിഭവമൊടടൽ കരുതിവന്ന നിശാചര
പാപികളെക്കൊലചെയ്തേനസംഖ്യകം
ദശവദനസുതനെ മുഹുരക്ഷകുമാരനെ
ദണ്ഡധരാലയത്തിന്നയച്ചീടിനേൻ
അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ-
യാശരാധീരനെക്കണ്ടു പറഞ്ഞുഞാൻ
ലഘുതരമശേഷം ദഹിപ്പിച്ചിതു ബത!
ലങ്കാപുരം പിന്നെയും ദേവിതൻപദം
വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാൻ
തവചരണനളിനമധുനൈവ വന്ദിച്ചിതു
ദാസൻ ദയാനിധേ! പാഹിമാം! പാഹിമാം!”
ഇതിപവനസുതവചനമാഹന്ത! കേട്ടള-
വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാൻ
“സുരജനദുഷ്കരം കാര്യം കൃതംത്വയാ-
സുഗ്രീവനും പ്രസാദിച്ചിതുകേവലം
സദയമുപകാരമിച്ചെയ്തതിന്നാദരാൽ
സർവ്വസ്വവും മമ തന്നേൻ നിനക്കു ഞാൻ
പ്രണയമനസാ ഭവാനാൽ കൃതമായതിൻ
പ്രത്യുപകാരം ജഗത്തിങ്കലില്ലെടോ!
പുനരപിരമാവരൻ മാരുതപുത്രനെ”
പൂർണ്ണമോദം പുണർന്നീടിനാനാദരാൽ
ഉരസിമുഹുരപിമുഹുരണച്ചു പുൽകീടിനാ-
നോർക്കെടോ! മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂർണ്ണപുണ്യൌഘസൌഭാഗ്യമുണ്ടായെടോ!
പരമശിവനിതിരഘുകുലാധിപൻ തന്നുടെ
പാവനമായ കഥയരുൾ ചെയ്തതും
ഭഗവതി ഭവാനി പരമേശ്വരി കേട്ടു
ഭക്തിപരവശയായ് വണങ്ങീടിനാൾ
കിളിമകളുമതി സരസമിങ്ങനെ ചൊന്നതു
കേട്ടു മഹാലോകരും തെളിയേണമേ

ഇത്യദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ സുന്ദരകാണ്ഡം സമാപ്തം

No comments:

Post a Comment